നാടകം സിനിമ ജീവിതം:ജെയിംസ് പാറയ്ക്ക

 

കെ.ആർ.സന്തോഷ് കുമാർ

ചാനലുകൾ ഇത്ര സജീവമല്ലാത്തകാലം, ദൂരദർശനിലേക്ക് ഒരു ടെലിഫിലിം ഷൂട്ട് ചെയ്യുന്നു. മേയ്ക്കപ്പണിഞ്ഞുവന്ന കലാകാരനായ യുവാവ് ക്യാമറയേയും സംവിധായകനേയും വണങ്ങി അഭിനയിക്കാനുളള തയ്യാറെടുത്തു.
സംവിധായകൻ ആക്ഷൻ പറഞ്ഞു, വികാരനിർഭരമായ രംഗം. ഒറ്റഷോട്ടിൽ ടേക്ക് ഒ.കെ…. നിറഞ്ഞകയ്യടി…. അൽപ്പം കഴിഞ്ഞാണ് സംവിധായകന്റെ അലർച്ച കേട്ടത്….’ഇതാണോ അഭിനയം…… പോകാൻ പറ അയാളോട് …. ഒന്നും മനസ്സിലാവാതെ കലാകരാൻ നിറകണ്ണുകളോടെ സെറ്റിൽനിന്ന് ഇറങ്ങി നടന്നു….

പിന്നീടാണ് അറിഞ്ഞത് സംവിധായകന് വേണ്ടപ്പെട്ട ഒരാൾക്ക് അഭിനയിക്കാനാണ് തന്നെ ഒഴിവാക്കിയതെന്നും. അതിനായിരുന്നു സംവിധായകന്റെ അലർച്ചാനാടകമെന്നും. അന്ന് നിറകണ്ണുകളോടെ ഇറങ്ങിയ നടൻ ഇപ്പോൾ 75ലേറെ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഈ നടനാണ് ജെയിംസ് പാറയ്ക്ക. കാലടി ചെങ്ങൽ ക്ഷേത്രത്തിന്റ പിൻവശത്തുളള തുറുംങ്കര ഭാഗത്താണ് ഈ നാടക-സീരീയൽ- സിനിമ നടൻ താമസിക്കുന്നത്.

james-paraka-21985 കാലഘട്ടം പ്രൊഫഷണൽ നാടകങ്ങളുടെ വസന്തമായിരുന്നു. നാടുമുഴുവൻ ഫൈൻ ആർട്ട്‌സ് സൊസൈറ്റികൾ. അന്നത്തെ ഏറ്റവും തിരക്കുള്ള നാടക നടൻമാരിൽ ഒരാളായിരുന്നു ജെയിംസ് പാറയ്ക്ക. ആലുവ കൈരളി തീയറ്റേഴ്‌സിന്റെ അക്ഷയ ദീപം നാടകത്തിൽ നായക വേഷം ചെയ്താണ് തുടക്കം. കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്‌സിന്റെ ‘അഴിമുഖം’ നാടകത്തിലെ ‘വേണു’വിനെ അനുവാചക സമൂഹം മറക്കില്ല.

അഴിമുഖത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. എറണാകുളം ഫൈൻ ആർട്ട്‌സ് ഹാളിൽ അഴിമുഖം ഒരു വർഷം 28 പ്രാവശ്യമാണ് കളിച്ചത്. ഇത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത മഹത്വം. പിന്നീട് കാലടി തിയറ്റേഴ്‌സ് എന്ന സ്വന്തം സമിതിയുണ്ടാക്കി. അതിൽ 8 നാടകങ്ങൾ. ഒരു വർഷം 280 സ്റ്റേജ്കൾ വരെ കളിച്ചു. കെ.പി.എ.സി ബിയട്രീസ്, മരട് ജോസ്, ജോർജ്ജ് കണക്കശ്ശേരി, കാഞ്ഞൂർ മത്തായി, എം.കെ വാര്യർ, തുടങ്ങി പ്രഗത്ഭരെ അണിനിരത്തിയാണ് നാടകം ഒരുക്കിയത്.

സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നാടകത്തിന് സമർപ്പിച്ചു. നാടകം തന്നത് ആത്മാസംതൃപ്തി മാത്രം. നാടകം സമ്മാനിച്ച കടബാധ്യതകൾ കൂടി കൂടി വന്നപ്പോൾ സമിതി പിരിച്ച് വിട്ടു.സംവിധായകൻ ബിജു വർക്കിയുടെ ദേവദാസിയാണ് ആദ്യ സിനിമ. അതിൽ നെടുമുടി വേണുവിന്റെ സന്തസഹചാരി. തുടർന്ന് തെലുങ്കു ചിത്രം കൃഷ്ണ ഉൾപ്പെടെ 75 ഓളം സിനിമകൾ.

james-paraka-3മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് സിനിമ ദൃശ്യത്തിലെ കഥയുടെ വഴിത്തിരിവാകുന്ന കഥാപാത്രമായ വക്കച്ചൻ, മമ്മൂട്ടി നായകനായ രാജമാണിക്യത്തിലെ രജിസ്ട്രാർ, സ്റ്റോപ്പ് വയലൻസിലെ സിനിമയിലെ പോലീസ്, കസ്തൂരിമാനിലെ രജിസ്ട്രാർ, സദൃശ്യവാക്യത്തിലെ വറീത്, ഇഷ്ടം, കസ്തൂരിമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു ഈ തനി ഗ്രാമീണനനായ കലാകാരൻ.

ഒരു വർഷം 10 സിനിമവരെ അഭിനയിച്ചിട്ടുണ്ട്. 2016 ലെ ഓണക്കാലത്ത് ഇറങ്ങിയ എല്ലാ മലയാള സിനിമകളിലും ജെയിംസ് പാറയ്ക്കക്ക് റോളുഉണ്ടായിരുന്നു.ഇന്നസെന്റ് കഥകൾ എന്ന ടെലിവിഷൻ പരമ്പരയിൽ മുഴുനീള കഥാപാത്രമായിരുന്നു. സൂര്യപുത്രി സീരീയലിലെ ചേറായി എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല. ഇപ്പോൾ രണ്ട് സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയിലെ തിരക്കുകൾക്കിടയിലും നാടകം ഉപേക്ഷിക്കാൻ ഈ കലാകാരന് മനസ്സ് വരുന്നില്ല. നൻമ തിയറ്റേഴ്‌സിന് വേണ്ടി ഒരു നാടകം എഴുതി സംവിധാനം ചെയ്തു. അതിൽ അഭിനയിക്കുന്നുമുണ്ട്.

james-paraka-1ജെയിംസ് പാറയ്ക്ക പ്രധാന വില്ലാനാകുന്ന ഒരു സിനിമയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. ‘പാപ്പന്റേം സൈമന്റേം പിള്ളേർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘പാപ്പൻ’ എന്ന ക്വട്ടേഷൻ നേതാവാകുന്നത് ജെയിംസ് പാറയ്ക്കയാണ്. സിനിമയെയും നാടകത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ഈ കലാകാരൻ സിനിമയിൽ നിറയുന്ന കാലം അതിവിദൂരമല്ല.