ഡോ:ധർമരാജ് അടാട്ട് സംസ്‌കൃത സർവകലാശാല വൈസ്ചാൻസിലർ

 

കാലടി:സംസ്‌കൃത സർവകലാശാല വൈസ്ചാൻസിലറായി ഡോ:ധർമരാജ് അടാട്ടിനെ നിയമിച്ചു.സർവകലാശാലയിലെ പ്രോവൈസ് ചാൻസിലറായിരുന്നു ഡോ:ധർമരാജ് അടാട്ട്.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബി. എ.യ്ക്കും എം. എ. യ്ക്കും റാങ്കോടെ വിജയിച്ച ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. കെ. എന്‍. എഴുത്തച്ചന്റെ കേരളോദയം’എന്ന സംസ്‌കൃത മഹാകാവ്യത്തെക്കുറിച്ചുള്ള പഠനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് എന്നിവിടങ്ങളില്‍ സംസ്‌കൃത വിഭാഗം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ഡോ. ധര്‍മ്മരാജ് അടാട്ട് കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മഹാത്മാഗാന്ധി – കേരള – കണ്ണൂര്‍ – സംസ്‌കൃത സര്‍വ്വകലാശാലകളില്‍ സംസ്‌കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സംസ്‌കൃത സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍, സിന്‍ഡിക്കേറ്റ് എന്നിവയില്‍ അംഗമായും അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.ടി. ട്രസ്റ്റിന്‍റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ഗവേണിംഗ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു.സംസ്‌കൃതം-ഇംഗ്ലീഷ്-മലയാളം എന്നീ ഭാഷകളിലായി നിരവധി ലേഖനങ്ങളും മുപ്പത്തഞ്ചിലധികം പഠനഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അടാട്ട് സ്വദേശിയാണ്.