തുറവുംങ്കരയിൽ പ്രാഥമിക ആരോഗ്യകേന്ദ്രമുണ്ട് പക്ഷേ ഡോക്ടറില്ല

 

കാഞ്ഞൂർ: നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തുറവുംങ്കര. ഇവിടെ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തോട് അധികൃതർ അവഗണന കാണിക്കുകയാണ്. കെട്ടിടം ഉണ്ടെങ്കിലും മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമല്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേയുടെ നിർമ്മാണം പൂർത്തിയായതോടെ ഇവിടുത്തെ പ്രധാന റോഡുകൾ മുറിഞ്ഞുപോയി. ഇതോടെ തുറവുംങ്കര ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതിലൂടെയുള്ള ബസ്സ്‌ സർവീസ് പോലും നിലച്ചു.

നിലവിൽ മാസത്തിൽ അവസാനത്തെ ചൊവ്വാഴ്ച്ച മാത്രമാണ് ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ എത്തുന്നൊള്ളു.അതും ഒരു മണിക്കൂർ മാത്രം.കുട്ടികൾക്ക് മാത്രമാണ് ചികിത്സയൊള്ളു. അടിയന്തരഘട്ടം വന്നാൽ 5 കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയാണ് ഇവിടത്തുകാരുടെ ഏക ആശ്രയം. വൻ തുക ചിലവഴിച്ച് ഓട്ടോറിക്ഷയോ, കാറോ വിളിച്ചു വേണം രോഗികളെ കൊണ്ടു പോകാൻ. കൂടാതെ സമയനഷ്ടവും.

ഇവിടത്തുകാർക്ക് ബസ്സ്സ്റ്റോപ്പിൽ എത്താൻ 3 കിലോമീറ്ററോളം സഞ്ചരിക്കുകയും വേണം. സ്ത്രീകളും,കുട്ടികളും, പ്രായമായവരും ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. ആഴ്ച്ചയിൽ ഒരുദിവസമെങ്കിലും ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാലപഴക്കം കൊണ്ട് കെട്ടിടം ശോചനീയമാണെങ്കിലും അറ്റകുറ്റപണികൾ നടത്തി ഉപയോഗപ്രധമാക്കാവുന്നതാണ്. പഞ്ചായത്ത് ഇതിനായ് 3 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. എന്നാൽ കോൺട്രാക്ടറുമായുള്ള തർക്കം മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ