കാലടിയുടെ സ്വന്തം പാട്ടുകാരൻ

 

കാലടി:ഒരു നാടിന്റെ സ്വന്തമായ പാട്ടുകാരനെ കാണണമെങ്കിൽ കാലടിക്കു വരണം.കാലടിയിൽ ഒരു അനുഗ്രഹീത കലാകാരനുണ്ട്.രാജേഷ്.പത്തനംതിട്ടയിൽ നിന്നും കാലടിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ വന്നതാണ്.പിന്നെ കാലടി വിട്ടു പോയില്ല.അതിഥിയായി എത്തിയ രാജേഷിനെ കാലടിക്കാർ സ്വന്തമാക്കുകയും ചെയ്തു.കാലടിക്കാരുടെ സ്വന്തം പാട്ടുകാരനായി മാറി.

പിതാവ് കൊച്ചുകുട്ടനാണ് ഗുരു.ജീവിത സാഹചര്യം മൂലം പത്താം ക്ലാസിൽ പഠനമുപേക്ഷിച്ചു.അപ്പോഴും സംഗീതം കൈവിട്ടില്ല.പലരുടെയും ചികിത്‌സാ ചിലവ് കണ്ടെത്തുന്നതിനായി തെരുവിൽ പാടി സഹായമഭ്യർത്തിച്ചു.

kalady-singer-rajesh-3ഒരിക്കൽ രാജേഷ് റോഡരികിൽ പാടുന്നതുകണ്ട ഒരു വൈദീകൻ രാജേഷിനെ കലാഭവനിൽ വിട്ട് പഠിപ്പിച്ചു.5 വർഷം കലാഭവനിൽ പഠിച്ചു.പിന്നീട് പല ഗാനമേളകളിലും,ടൂറിസം ബോട്ടുകളിലും പാടുവാൻ പോയി.ഇതിനിടയിൽ പുത്തൻവേലിക്കരയിൽ പാടുവാൻ പോയപ്പോൾ പരിചയപ്പെട്ട നിമ്മി കാമുകയായി.പിന്നെ എതിർപ്പുകളെ മറികടന്ന് നിമ്മിയെ ഭാര്യയാക്കി.ജീവിക്കാനായി പാട്ടിനൊപ്പം ലോട്ടറിക്കച്ചവടവുമുണ്ട്.

ചെറുപ്പത്തിൽ അമ്മാവന്റെ മകൻ മുഖത്ത് പെൻസിലുകൊണ്ട്‌ കുത്തി.ആ കുത്തലിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു.ഒരു വർഷത്തോളം ആശുപത്രി ജീവിതമായിരുന്നു.ഒരു കൈയിനും കാലിനും ഇപ്പോഴും സ്വാധീനക്കുറവുണ്ട്.കടവുങ്കൽ ലോഡ്ജിലാണ് താമസം.ലോഡ്ജ് ഉടമ പത്രോസ് സൗജന്യ താമസമാണ് നൽകിയിരിക്കുന്നത്.റിസപ്ഷനിൽ ആളില്ലാത്തപ്പോൾ രാജേഷ് സഹായിക്കും.

ആയിരത്തിലതികം പാട്ടുകൾ രാജേഷിന് മനപ്പാടമാണ്.പാട്ടിന്റെ കരോക്കയും കൂടെ കൊണ്ടുനടക്കും.ഒരവസരം ലഭിച്ചാൽ അവിടെ തന്റെ ശബ്ദംകൊണ്ട് വിസ്മയം തീർക്കും.കഴിഞ്ഞ ദിവസം 3 മണിക്കൂറോളമാണ് രാജേഷ് കാലടിയിൽ പാടിയത്.അതും നൂറുകണക്കിന് കാണികളുടെ മുൻപിൽ.

kalady-singer-rajesh-2എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളോടാണ് ഏറെ ഇഷ്ടം.പലപ്പോഴും രാജേഷിന്റെ പാട്ടുകേൾക്കുമ്പോൽ അത് ഒറിജിനൽ പാട്ടാണെന്നും,രാജേഷ് ചുണ്ടനക്കുന്നത് മാത്രമാണ് ചെയ്യുന്നൊളളുവെന്ന തർക്കവും ഉണ്ടായിട്ടുണ്ട്.എന്നാൽ രാജേഷിന്റെ ശബ്ദമാണ് ഇതെന്ന് മനസിലാകുമ്പോൾ കേൾക്കുന്നവർ വലിയ സംഭാവനകളും നൽകും.

ആരെങ്കിലും സിനിമയിൽ ഒരു അവസരം നൽകിയാൽ ഒരുപാട് വിജയപ്പടവുകൾ കയറാനാകും.അതിനായി കാത്തിരിക്കുകയാണ് ഈ കലാകാരൻ.