കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടപ്പടി പോലീസ് പിടികൂടി 

കോട്ടപ്പടി:യുവാക്കൾക്കും,കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടപ്പടി പോലീസ് പിടികൂടി.ഒഡീഷ കട്ടക്ക് ജില്ലയിൽ ജിഗിരിയ പോലീസ് സ്‌റ്റേഷൻ പരിധിയിലെ താമസക്കാരായ ടിക്കൻ റൗട്ട്,അക്ഷയ് കുമാർ റാണ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.2 കിലോ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.

khanjave-kottapady-2പ്രതികൾ ഒഡീഷയിൽ നിന്നും കഞ്ചാവ് കിലോഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 20,000 രൂപയ്ക്കാണ് മറിച്ചു വിറ്റിരുന്നത്.വിദ്യാർത്ഥികൾ ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി പൊതി ഒന്നിന് 500 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു.എസ്പി എ വി ജോർജ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ജി വേണുവിന്റെ നിർദേശത്തെ തുടർന്ന് കുറുപ്പംപടി സിഐ സജി മാർക്കോസിന്റെ നേതൃത്വത്തിൽ എസ്‌ഐ എ രമേശ്,എഎസ്‌ഐമാരായ സാബു എം പീറ്റർ,ഉണ്ണികൃഷ്ണൻ,സീനിയർ സിവിൽ പോലീസുകാരായ സാബു ജോൺ,മുഹമദ് ഇക്ബാൽ,അനീഷ് കുര്യാക്കോസ്,സിദ്ധിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഈ മാസം 10 ന് കോട്ടപ്പടി കൽക്കുന്നേൽ സെന്റ്:ജോർജ് പളളി പെരുന്നാളിനോടനുബന്ധിച്ച് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി കോട്ടപ്പടി മൂന്നാംതോട് സ്വദേശി അജ്മൽ,കുറ്റികുഴി സ്വദേശി അമ്പാടി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.ഇതെ തുടർന്ന് ഇവിടെ ശക്തമായ പോലീസ് പരിശോധനയാണ്.കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ സജി മാർക്കോസ് പറഞ്ഞു.

khanjave-kottapady-3കോട്ടപ്പടി പഞ്ചായത്ത് പരിധിയിയിൽ മദ്യവും മയക്കുമരുന്നും നിർമ്മാർജ്ജനം ചെയ്യുന്നതിനുളള തീവ്രയജ്ഞ പരിപാടിയുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്‌.പഞ്ചായത്ത് പ്രസിഡന്റ് ജോയി അബ്രഹാം നേരിട്ട് സ്‌റ്റേഷനിൽ എത്തി എസ് ഐ രമേശിനെയും പോലീസുകാരേയും അഭിനന്ദിച്ചു.