കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണം

 

കാലടി: കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്ന് സി.പി.ഐ(എം) കാലടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രവർത്തനസമയം വെട്ടിക്കുറച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഏകദേശം 600നും 700നും ഇടയ്ക്ക് രോഗികൾ വന്നുപോകുന്നു. ഡോക്ടർമാർ പലദിവസങ്ങളിലും കുറവാണ്.

ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ രോഗികൾ ഈ ഹെൽത്ത് സെന്ററിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും 24 മണിക്കൂർ പ്രവർത്തനം പുന:സ്ഥാപിക്കുകയും ചെയ്യണം
ക്യാൻസർ രോഗികളുള്ള പല വീടുകളിലെയും റേഷൻകാർഡുകൾ എ.പി.എൽ വിഭാഗത്തിൽപ്പെട്ടിരിക്കുന്നു. അവരെ ബി.പി.എലിലേക്ക് മാറ്റണം,എയർപോർട്ട് റിങ് റോഡ് യാഥാർത്ഥ്യമാക്കണം.

ശ്രീമൂലനഗരം പഞ്ചായത്തിലെ മൂത്താകുറുമ്പൻ കോളനി സർക്കാർ ഭൂമി ഏറ്റെടുത്ത് അവിടെ താമസിക്കുന്ന വീട്ടുകാർക്ക് പട്ടയം അനുവദിക്കണം, കാലടി മലയാറ്റൂർ റോഡിന്റെ അപാഗത പരിഹരിക്കണം, കാഞ്ഞൂർ പാറപ്പുറം തിരുവലംചുഴി ജലസേചന പദ്ധതി കാര്യക്ഷമമാക്കണം, പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികളെ പി.എൽ.സി സെറ്റിൽമെന്റിൽ നിന്നും ഒഴിവാക്കുക,കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും സി.പി.ഐ(എം) ആവശൃപ്പെട്ടു.
salimkumarചർച്ചകൾക്ക് സംസ്ഥാന കമ്മറ്റി അംഗം സി.എം ദിനേശ് മണി, സി.കെ സലിം കുമാർ എന്നിവർ മറുപടി പറഞ്ഞു.
ഏരിയ സെക്രട്ടറിയായി സി.കെ സലിംകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയ കമ്മറ്റിയെയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായിയാണ് തെരഞ്ഞെടുത്തത്.

ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മറ്റൂരിൽ നിന്നും ബഹുജന റാലിയും ചുവപ്പ് സേന പരേഡും നടക്കും. പൊതുസമ്മേളനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.