ബി.ജെ.പി റീത്ത് വച്ച് പ്രതിഷേധിച്ചു

 

കാഞ്ഞൂർ :കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്ത കാഞ്ഞൂർ പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ മന്ദിരത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

പ്രതിമാസം 3,600 രൂപ വാടക നൽകിയാണ് ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ ഹോമിയോ ഡിപെൻസറിയുടെ പ്രവർത്തനം നടത്തുന്നത്. ഈ കെട്ടിടത്തിൽ അത്യാവശ്യ സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. പഞ്ചായത്തിനു മറ്റുവരുമാനമാർഗ്ഗം ഇല്ലെന്നു പറയുന്ന ഈ സാഹചര്യത്തിൽ ഈ തുക പഞ്ചായത്തിനു മറ്റു കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താമെന്ന് ബിജെപി പറയുന്നു. പഞ്ചായത്തിന്റെ അനാസ്ഥയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ബി.ജെ.പി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് കെട്ടിടത്തിൽ റീത്ത് വച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് ബിനു വൈപ്പുമഠം, ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ, ജില്ലാ കമ്മിറ്റിയംഗം പി.ആർ. രഘു, അജയൻ പറക്കാട്ട്, വിഷ്ണുരാജ്, വേണു പുത്തൻവേലി, ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.