കാലടിയിലെ ഗതാഗത കുരുക്ക് : പരിഹാരങ്ങളും നിർദ്ദേശങ്ങളും

 

കാലടി:കാലടിയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന  ഗതാഗത പ്രശ്‌നം ചർച്ച ചെയ്യുവാൻ റോജി എം. ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ വിപുലമായയോഗം ചേർന്ന് പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. കാലടി സെന്റ്‌:ജോർജ്ജ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ,സാമൂഹിക, സാമുദായിക സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, വിവിധ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ,തൊഴിലാളിസംഘടനാ പ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ.പൊതുജനങ്ങൾ എന്നിവർ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സമർപ്പിച്ചു.

കാലടിയുടെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാൻ കാലടി സമാന്തര പാലവും, ബൈപ്പാസും, മറ്റൂർ-കൈപ്പട്ടൂർ റോഡും എത്രയും വേഗം യാഥാർത്ഥ്യമാക്കിയെടുക്കേണ്ടതുണ്ടെന്നും അതിനുള്ള ശക്തമായ ശ്രമങ്ങൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാവരുടെയും സഹകരണത്തോടു കൂടി നടത്തുന്നുണ്ടെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ കാലടി ടൗണിൽ ഏർപ്പെടുത്താവുന്ന ഗതാഗത ക്രമീകരണങ്ങൾ പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള ഉദ്ദേശത്തോടു കൂടിയിട്ടാണ് വിശദമായയോഗം ചേർന്നതെന്നും എം.എൽ.എ പറഞ്ഞു.

കാലടി പാലത്തിലെയും, എം.സി.റോഡിലെയും കുഴികൾ അടിയന്തിരമായി അടയ്ക്കുന്നതിനും യൂണിവേഴ്‌സിറ്റിറോഡ് നന്നാക്കുന്നതിനും,യൂണിവേഴ്‌സിറ്റി ഗേറ്റിനോട് ചേർന്ന ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് റോഡിന്റെ വീതികൂട്ടിപ്പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അതോടൊപ്പം ശബരിമല തീർത്ഥാടനം കണക്കിലെടുത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി താൽക്കാലികമായി 6 ട്രാഫിക്ക് വാർഡൻമാരെ നിയമിക്കുവാനും തീരുമാനമായിട്ടുണ്ട്.
യോഗത്തിൽ ഉയർന്നു വന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ:

  • കാലടി-മറ്റൂർ ജംഗ്ഷനിൽ ഗതാഗതം സുഗമമാക്കാൻ മാനുവൽ സിഗ്നൽസംവിധാനങ്ങൾ ഏർപ്പെടുത്തുക.
  • കാലടി യൂണിവേഴ്‌സിറ്റി റോഡ് വൺ വേ ആക്കി മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ അതുവഴി കടത്തി വിടാനും ഈ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാലടി ജംഗ്ഷനിൽ എത്തിതിരിഞ്ഞു പോകുന്നതിനുള്ള സംവിധാനം ഏർപ്പടുത്തുക.
  • മറ്റൂർ മുതൽ കാലടി പാലം വരെ വാഹനങ്ങളുടെ ഓവർ ടേക്കിങ് നിയന്ത്രിക്കാൻ മീഡിയൻ സ്ഥാപിക്കുക.
  • കാഞ്ഞൂർ റോഡിൽ നിന്നും പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് എത്തിച്ചേരുന്ന റോഡ് സഞ്ചാരയോഗ്യമാക്കുക.
  • കാലടി ടൗണിലെ അനധിക്യത പാർക്കിംങ് നിയന്ത്രിക്കുക.
  • വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി എത്തുന്ന വലിയ വാഹനങ്ങളിൽ നിന്നും ചരക്കുകൾ കയറ്റുന്നതിനും, ഇറക്കുന്നതിനും സമയം ക്രമീകരിക്കുക.
  • കെ.എസ്.ആർ.ടി.സി ബസുകൾ ബസ് സ്റ്റാൻന്റിൽ കയറി യാത്രക്കാർക്ക് സൗകര്യമൊരുക്കുക.
  • മരോട്ടിച്ചുവട് മുതൽ കാലടിവരെയുള്ള ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുക.
  • പ്രധാനപ്പെട്ട ഭാഗങ്ങളിൽ ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് സഹായകരമാകും വിധം സൈൻ ബോർഡുകൾ സ്ഥാപിക്കുക.

യോഗത്തിൽ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ബിജുമാണിക്കമംഗലം, ജില്ലാ പഞ്ചായത്തംഗങ്ങളായ സാംസൺ ചാക്കോ, ശാരദാ മോഹൻ, കാലടി സർക്കിൾ ഇൻസ്‌പെക്ടർ സജിമാർക്കോസ്.ബ്ലോക്ക് പഞ്ചായത്തംഗം റെന്നി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അൽഫോൻസ പൗലോസ്‌,മിനി ബിജു,സിജോ ചൊവ്വരാൻ,കെ.ടി.എൽദോസ്, മെർലി ആന്റണി, പി.വി.സ്റ്റാർലി, സിംന,മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ.ഡി തങ്കച്ചൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സാബു, ശ്രിംഗേരിമഠം മാനേജർ സുബ്രഹ്മണ്യഅയ്യർ, ശ്രീ ശങ്കര സ്‌ക്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ പ്രൊഫസർ പി.വി പീതാമ്പരൻ,വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളിസംഘടനാ നേതാക്കൾ, മറ്റ്‌വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു