മലയാറ്റൂർ വോളിബോൾ ആവേശത്തിലേക്ക്

 

മലയാറ്റൂർ:മലയാറ്റൂർ വോളിബോൾ ആവേശത്തിലേക്ക്.ഞായറാഴ്ച്ച 47 മത് ജില്ലാതല പുരുഷ,വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമാവുകയാണ്.പ്രമുഖ ടീമുകളാണ് മത്‌സരത്തിൽ മാറ്റുരക്കാനെത്തുന്നത്.

വോളിബോൾ മലയാറ്റൂരുകാർക്ക് ഒരു ലഹരിയാണ്.നിരവധി ദേശിയ വോളിബോൾ താരങ്ങളെയാണ് മലയാറ്റുരിൽ നിന്നും ഉണ്ടായിരിക്കുന്നത്.മലയാറ്റൂർ സിക്‌സസ് എന്ന ടീം കേരളത്തിലെ തന്നെ അറിയപ്പെടുന്ന ടീമുകളിൽ ഒന്നാണ്.കേരള വോളിബോൾ ടീം ക്യാപ്റ്റനായിരുന്ന പി.പി ജോസ്,കാലിക്കറ്റ് സർവകലാശാല,കെഎസ്ആർടിസി,ഇന്ത്യൻ ട്രാൻസ്‌പോർട്ട് ടീം എന്നിവയിൽ കളിച്ചിട്ടുളള തങ്കച്ചൻ കുറിയേടം,പ്രീമിയർ ടയേഴ്‌സിന്റെയും ജില്ലാ വോളിബോൾ ടീമുകളുടെയും ക്യാപ്റ്റനായിരുന്ന എ.എഫ് അലക്‌സാണ്ടർ,സർവീസ് ടീം അംഗങ്ങളായ ജോസ് പയപ്പിളളി,ബാബു പയപ്പിളളി അങ്ങനെ പോകുന്നു മലയാറ്റുരിൽ നിന്നും പ്രശസ്തരായ വോളിബോൾ താരങ്ങൾ.

1950 കളിലാണ് മലയാറ്റൂരിന്‍റെ വോളിബോൾ ചരിത്രം തുടങ്ങുന്നത്.വോളിബോളിൽ സ്മാഷടിക്കാത്ത ഒരു മലയാറ്റൂരുകാരും അന്നുണ്ടായിരുന്നില്ല.മുക്കിലും മൂലയിലും വോളിബോൾ കോർട്ടുകളുണ്ടായിരുന്നു.കേരളത്തിൽ എവിടെ മത്‌സരമുണ്ടോ അവിടെ മലയാറ്റൂരിൽ നിന്നുളള കളിക്കാർ ഉണ്ടാകും.ആ പരമ്പര്യം ഇന്നും മലയാറ്റൂരുകാർ പിൻ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്ന് പത്തോളം വോളിബോൾ കോർട്ടുകൾ തന്നെ ഇവിടെയുണ്ട്.പ്രായ വ്യത്യാസമില്ലാതെ രാവിലെയും,വൈകീട്ടും ആളുകൾ വോളിബോൾ കോർട്ടുകളിലെത്തും.1988,1993,2004 എന്നീ വർഷങ്ങളിൽ കേരള വോളിബോൾ മത്‌സരങ്ങൾക്ക് മലയാറ്റൂർ വേദിയായിട്ടുണ്ട്.മറ്റൊരു വോളിബോൾ മാമാങ്കം കൂടി മലയാറ്റൂരിലെത്തുമ്പോൾ ആവേശത്തിന് ഒട്ടും കുറവില്ല.

ഞായറാഴ്ച്ച വൈകീട്ട് 6 നാണ്  ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.മലയാറ്റൂർ സെന്റ് : തോമസ് ഹൈസ്‌ക്കൂളിന്‍റെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് മത്‌സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ജില്ലാ വോളിബോൾ അസോസിയേഷനും,മലയാറ്റൂർ സിക്‌സസും സംയുക്തമായാണ് മത്‌സരം നടത്തുന്നത്.വിജയികൾക്ക് പപ്പൻ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും,ഐ.ആർ ബാഹുലേയൻ സ്മാരകട്രോഫിയും,എ.എസ് അബുബക്കർ സ്മാരകട്രോഫിയും നൽകും.

മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കന്ററി ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തിലാണ് മത്‌സരങ്ങൾ നടക്കുന്നത്.റോജി എം ജോൺ എംഎൽഎ മത്‌സരങ്ങൾ ഉദ്ഘാടനം ചെയും.ദിവസവും വൈകീട്ട് 6 നാണ് മത്‌സരങ്ങൾ.4 വനിത ടീമുകളും,8 പുരിഷ ടീമുകളുമാണ് മത്‌സരത്തിൽ പങ്കെടുക്കുന്നത്.കാണികൾക്ക് പ്രവേശനം സൗജന്യമാണ്.12 ന് ഫൈനൽ നടക്കും.