പളളുപ്പേട്ട പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കണം

 

മലയാറ്റൂർ: രാജഭരണക്കാലത്തിന്‍റെ ഓർമപേറി നിൽക്കുന്ന പഴയ പളളുപ്പേട്ട പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ചരിത്ര താളുകളിൽ ഇടംപിടിച്ചതാണ് മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പളളുപ്പേട്ട തോടിന് കുറുകെ നിർമിച്ച പാലം . രാജഭരണകാലമായ 1936 ലാണ് പാലം നിർമിച്ചിരിക്കുന്നത്.

അനേകം പരിഷ്കാരങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ രാമവര്‍മ രാജാവിന്‍റെയും മികച്ച ഭരണാധികാരിയായി പേരു നേടിയ ദിവാനായിരുന്ന സര്‍ ആര്‍. കെ. ഷണ്‍മുഖംചെട്ടിയുടെയും കാലത്താണ് പാലം നിർമിച്ചത്. അന്നത്തെ കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ പാലം. മലയാറ്റൂർ കൊച്ചിയുടെയും, നീലീശ്വരം തിരുവിതാംകൂറിന്‍റെയും ഭാഗമായിരുന്നു.

bridge2അന്ന് പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് ശക്തമായ പരിശോധനകൾ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും ചൗക്ക(നികുതി)പിരിവും ഇവിടെ വച്ചായിരുന്നു. കുറച്ചു നാൾ മുൻപുവരെ പഴയകാല ചൗക്ക കെട്ടിടവും ഇവിടെ ഉണ്ടായിരുന്നു. കാലപ്പഴക്കത്താൽ കെട്ടിടം നശിച്ചു. നികുതി അടക്കാതെ ഉപ്പ് കടത്തുന്നവർ പളളുപ്പേട്ട തോടിനെയാണ് ആശ്രയിച്ചിരുന്നത്. അക്കാലത്ത് സർക്കാരിനു മാത്രമാണ് ഉപ്പ് വിൽക്കാൻ അധികാരമുണ്ടായിരുന്നത്.

പഴയ പ്രതാപം ഇല്ലെങ്കിലും പാലത്തിന് യാതൊരു കോട്ടവും പറ്റിയിട്ടില്ല. പിന്നീട് യാത്രാ സൗകര്യത്തിനായി തോടിനു കുറുകെ 1997 ൽ പുതിയ പാലം നിർമിച്ചു .അതോടെ ഇതിലൂടെയുളള ഗതാഗതം നിരോധിച്ചു. ഏകദേശം 16 അടി നീളവും 12 അടി വീതിയുമുണ്ട് പാലത്തിന്. സുർക്കിപ്പൊടി ഉപയോഗിച്ചാണ് പാലം നിൽമിച്ചിരിക്കുന്നത്. സമീപകാലത്ത് നിർമിച്ച പലപാലങ്ങൾ ശോചനീയമായപ്പോഴും ഈ പാലത്തിനുമാത്രം യാതൊരു കേടും സംഭവിച്ചിട്ടില്ല. വലിയ ഇരുമ്പു ബാറുകളാണ് പാലം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

bridge3ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ് ഇവിടം. ഇരുമ്പു കൈവരികൾ കടത്തിക്കൊണ്ടു പോയി. പാലത്തിൽ വലിയ മരം വളർന്നു പന്തലിച്ചു നിൽക്കുന്നു. പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതിനായി അധികൃതർക്ക് നിവേദനങ്ങൾ നൽകാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാർ