മതസാഹോദര്യത്തിന്‍റെ അയിരൂർ മാതൃക

 

നെടുമ്പാശേരി: ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്‍റെയും പള്ളിത്തിരുനാളിന്‍റെയും പരസ്യം ഒറ്റക്കമാനത്തിൽ വച്ച് മതസാഹോദര്യം വിളിച്ചോതുകയാണ് അയിരൂർ.അയിരൂർ ഷാര്യേക്കൽ ശ്രീ ദുർഗ മഹാവിഷ്ണു ക്ഷേത്രത്തിലെ കാർത്തിക വിളക്ക് പൊങ്കാല മഹോത്സവത്തിന്‍റെയും അയിരൂർ പള്ളിയിലെ വിശുദ്ധ അന്തോണിസിന്‍റെ തിരുനാളിന്‍റെയും പരസ്യമാണ് ഒറ്റക്കമാനത്തിൽ ഉള്ളത്.

കമാനത്തിന്‍റെ ഒരു തൂണിൽ മഹാവിഷ്ണുവിന്‍റെ ചിത്രവും മറ്റേത്തൂണിൽ അന്തോണീസ് പുണ്യാളന്‍റെയും ചിത്രവും ഉണ്ട്. ഡിസംബർ 1,2,3 തിയതികളിലാണ് പൊങ്കാല മഹോത്സവം. നവംബർ 23 മുതൽ 26 വരെ പള്ളിത്തിരുനാളും.അങ്കമാലി എംഎൽഎ റോജി എം. ജോൺ ദൈവത്തിന്‍റെ സ്വന്തം നാടിനെ വ്യത്യസ്തമാക്കുന്നത് ഈ സാഹോദര്യമാണെന്ന് പറഞ്ഞ് ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അയിരൂർ ഹിറ്റായി.അയിരൂരിന്‍റെ മാതൃക വെളിച്ചമാകട്ടെയെന്നു ലോകജനത പറയുന്നു.