പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടോ കൂടെ നിന്ന് ഫോട്ടോ എടുക്കാം : റോജി എം ജോൺ എംഎൽഎ

 

അങ്കമാലി : ഒരു ഫോട്ടോ എടുപ്പ് ഇത്ര പുലിവാലാകുമെന്ന് റോജി എം. ജോൺ എംഎൽഎ ഒട്ടും വിചാരിച്ചു കാണില്ല. രാഷ്ടീയത്തിലെയും, നിയമസഭയിലെയും ചുള്ളൻ ചെറുക്കനല്ലെ. ആരു കണ്ടാലും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കും. അതിൽ സ്ത്രിയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ,പ്രായമായവരെന്നോ വ്യത്യാസമില്ല. വിദേശമലയാളികൾ പ്രത്യേകിച്ചും.

പലർക്കും സെൽഫിയോടാണ് താത്പര്യം. സെൽഫി എടുക്കലും ചങ്ക് ബ്രോക്കൊപ്പം എന്ന പേരിൽ  സോഷ്യൽ മീഡിയയിലങ്ങ് പോസ്റ്റും. പിന്നീടാകും കൂടെനിന്ന് പടം പിടിക്കുന്നവർ ഏതെങ്കിലും കേസുകളിൽ പ്രതികളാണെന്ന് അറിയുക.  സോഷ്യൽ മീഡിയയും ചാനലുകളും അതേറ്റെടുക്കും.

കഴിഞ്ഞ ദിവസം ബഹ്റിനിൽ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി-നെടുമ്പാശ്ശേരി എന്ന മലയാളി കൂട്ടായ്മയിൽ പങ്കെടുക്കാൻ ചെന്ന റോജി.എം. ജോൺ എംഎൽഎ ശരിക്കും വെട്ടിലായി. വിമാനത്താവളത്തിൽ എത്തിയ റോജിയെ സ്വീകരിക്കാൻ എത്തിയ തുറവൂർ സ്വദേശി റെയ്സൺ വർഗീസ് കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു.  റെയ്സൺ അപ്പോൾ തന്നെ ഫെയ്സ് ബുക്കിൽ ഇടുകയും ചെയ്തു. ലുക്ക് ഔട്ട് നോട്ടിസിട്ട പ്രതിയാണ് ഒപ്പം നിന്ന് ഫോട്ടോയെടുത്തതെന്ന് വിവാദമായപ്പോഴാണ് നേതാവ് അറിഞ്ഞത്.ബഹ്റിനിൽ ഓണം ആഘോഷിക്കാനെത്തിയ റോജിക്ക് എങ്ങനെയും നാട്ടിൽ വന്നാൽ മതീന്നായി.

സംഭവത്തിന്‍റെ സത്യാവസ്ഥ പറഞ്ഞ് ഫെയ്സ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് യുവഎംഎൽഎ. മേലിൽ ഫോട്ടോ എടുക്കാൻ വരുന്നവർ ജാതകം, സ്വഭാവ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് എന്നിവ ഹാജരാക്കേണ്ടതാണ് എന്ന് മുന്നറിയിപ്പും. എന്നിട്ടും  യുവജന സംഘടനക്കാർ അവാർക്കാകും വിധം വാദം പ്രതിവാദം നടത്തുകയാണ്. അതിപ്പോഴും തുടരുന്നു…