പാമ്പ് ഭീതിയിൽ പുതിയേടം പാറപ്പുറം പ്രദേശങ്ങൾ

 

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം പാറപ്പുറം പ്രദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാമ്പിന്‍റെ ഭീതിയിലാണ് .ചെറു പാമ്പുകൾ മുതൽ വലിയ മലമ്പാമ്പുകൾ വരെയാണ് ഇവിടുത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്നത്. സന്ധ്യയായാൽ നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ പോലും പേടിയാണ്. പലരും തലനാരിഴക്കാണ് പാമ്പിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതും.ജനവാസ മേഖലകളിലും, സ്കൂളുകൾക്കും അടുത്താണ് പാമ്പിനെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുന്നതും.

2017 ഓഗസ്റ്റ് 26ന് പുതിയേടത്ത് വാര്യം ശങ്കരനാരായണന്‍റെ കാർപ്പോർച്ചിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയതോടെയാണ് പാമ്പ് ഭീതി പുറം ലോകം അറിയുന്നത്.പിന്നീട് സെപ്റ്റംബർ 28ന് ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് മലമ്പാമ്പിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒക്റ്റോബർ ഒന്നാം തിയതി പുതിയേടം പുതുശ്ശേരി സെമ്പാസ്റ്റ്യന്‍റെ വീട്ടിലെ കുളം വറ്റിക്കുന്നതിനിടെ മലമ്പാമ്പിനെ കണ്ടത്തി.കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പാറപ്പുറം ഐശ്വര്യാഗ്രാം റോഡിൽ എൻജിനിയറിങ് വർഷോപ്പിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. വ്യാഴാഴ്ച്ച  രാവിലെ കുളിമുറിക്കടുത്ത് വലിയ പാമ്പിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.ഇതെല്ലാം പുറത്തുവന്ന കഥകൾ.

മലമ്പാമ്പുകൾ മാത്രമല്ല ഉഗ്ര വിഷമുള്ള പാമ്പുകളെ വരെ കണ്ടെത്തിയിട്ടുണ്ട്. പാമ്പ് ഭീതി മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാതെ വന്നിട്ടും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്.പല പ്രദേശങ്ങളും കാടു പിടിച്ചു കിടക്കുകയാണ്. റോഡിന്‍റെ വശങ്ങൾ പോലും കാടാണ്. ഇതൊന്നും വെട്ടിമാറ്റാൻ പഞ്ചായത്ത് തെയ്യാറായിട്ടില്ല.ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് കാടുകൾ വെട്ടി തെളിക്കാത്തത്. പാമ്പ് ഭിതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാത്ത പഞ്ചായത്തിനെതിരെ ശനിയാഴ്ച്ച പഞ്ചായത്ത് ഓഫീസിനു മുൽമ്പിൽ ബിജെപി പ്രതീകാത്മ സർപ്പപൂജ നടത്തും