കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാളിന് തുടക്കമായി

 

കാലടി:കൈപ്പട്ടൂർ പരിശുദ്ധ വ്യാകുളമാതാ പള്ളിയിൽ ജപമാല തിരുനാളിന് തുടക്കമായി.കാഞ്ഞൂർ ഫൊറോന വികാരി ഫാ:വർഗ്ഗീസ് പൊട്ടക്കൽ തിരുനാളിന് കൊടിയേറ്റി.പരിശുദ്ധ മാതാവിന്‍റെ തിരുസ്വരൂപം വെഞ്ചരിപ്പ്, കുർബാന, പ്രസംഗം, ജപമാല, കുർബാനയുടെ ആശീർവാദം എന്നിവയുണ്ടായിരുന്നു.ദിവസവും വൈകിട്ടു കുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും.

28, 29 തീയതികളിലാണു പ്രധാന തിരുനാൾ ആഘോഷങ്ങൾ. 28നു വൈകിട്ടു പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിൽ വിശ്വാസികൾ അണിനിരക്കും.29നു വൈകിട്ടു പരിശുദ്ധ മാതാവിന്‍റെ തിരുസ്വരൂപം രഥത്തിൽ വഹിച്ചു പൊലീസ് സ്റ്റേഷൻ കവലയിലേക്കു പ്രദക്ഷിണം.101 പൊൻ,വെള്ളിക്കുരിശുകളും 1001 മുത്തുക്കുടകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അണി നിരക്കും. പുഷ്പവൃഷ്ടിയോടെയാണു ജപമാല പ്രദക്ഷിണം പള്ളിയിലേക്കു പ്രവേശിക്കുക.

സമാപന ദിവസം കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. 28നു സമാപന ആശീർവാദത്തിനു ശേഷം ഡിജിറ്റൽ പൈറോ ടെക്നിക് ഷോ അരങ്ങേറും. കാഴ്ച സമർപ്പണത്തിൽ കിട്ടുന്ന വസ്തുക്കൾ അനാഥാലയങ്ങൾക്കും വൃദ്ധ സദനങ്ങൾക്കും എത്തിച്ചുകൊടുക്കുമെന്നു വികാരി ഫാ. കുരിയൻ ഭരണികുളങ്ങര പറഞ്ഞു.