ആംബുലൻസിന്‍റെ വഴി തടസപ്പെടുത്തിയ കാറിന്‍റെ ഉടമയ്ക്കെതിരെ നടപടി

 

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗുരുതരാവസ്ഥയിലായ നവജാതശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി തടസപ്പെടുത്തിയ കാറിന്‍റെ ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ്. കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞെന്നും നിയമ വശങ്ങൾ പരിശോധിച്ച ശേഷം നടപടി തീരുമാനിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയായി കാർ പോയത്‌.ചുണങ്ങംവേലി മുതൽ എൻ ഡി പി ജംക്ഷൻ വരെ അഞ്ചു കിലോ മീറ്റർ ദൂരം മുന്നിലെ കാർ ആംബുലൻസിന്‍റെ വഴി തടസപ്പെടുത്തി. വശങ്ങളിലേക്ക് മാറ്റാൻ സ്ഥലമുണ്ടായിട്ടും കാർ മാറ്റിയില്ല.

ശ്വാസതടസം ബാധിച്ച നവജാത ശിശുവിനെയും വഹിച്ചുള്ള ആംബുലൻസ് മിനിട്ടിലേറെ എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ദൃശ്യങ്ങളടക്കം പരാതി നൽകിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയത്. KL 17 L 202 എന്ന നമ്പരുള്ള കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് എടുക്കുന്നത്‌.