റോജി എം ജോൺ എം.എൽ.എ വാക്കുപാലിച്ചു അൽജിത്തിനും,ഷിഫാസിനും വീൽചെയർ

 

കാലടി:ഇരു കാലുകൾക്കും തളർച്ച ബാധിച്ച് നടക്കാൻ സാധിക്കാത്ത അയ്യമ്പുഴ പ്ലാന്റേഷൻ സ്‌കൂളിലെ 6 )ം ക്ലാസ്സ്‌ വിദ്യാർത്ഥി ഇ.എസ് അൽജിത്തിനും 9 )ം ക്ലാസ്സ് വിദ്യാർത്ഥിയായ ഷിഫാസ് ഷാജിക്കും റോജി എം. ജോൺ എം.എൽ.എ കൊടുത്ത ഉറപ്പ് പാലിക്കപ്പെട്ടു. പുതിയ വീൽച്ചെയർ കിട്ടിയ സന്തോഷത്തിലാണ്
ഇരുവരും.

ഏതാനും നാളുകൾക്ക് മുമ്പ് പ്ലാന്റേഷൻ കോർപ്പറേഷനിൽ ഒരുതൊഴിലാളി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ റോജി പ്ലാന്റേഷൻ കോർപ്പറേഷൻ സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ സമയമായതിനാൽ എല്ലാ ക്ലാസ്സുകളിലും കുട്ടികളെ നേരിൽ കാണുവാൻ അദ്ദേഹം പോയപ്പോഴാണ് അൽജിത്തും,ഷിഫാസും ഒറ്റക്ക് ഇരിക്കുന്നത് ശ്രദ്ധയിൽപ്പട്ടത്. മൂന്നാം ക്ലാസ്സിൽ വച്ച് അസുഖം ബാധിച്ച് ഇരു കാലുകളും തളർന്ന അൽജിത്തിന്റേയും, ജൻമനാ കാലുകൾക്ക് സ്വാധിനക്കുറവുള്ള ഷിഫാസിന്റേയും രോഗവിവരങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.

കാൽ നിലത്തു കുത്തുവാൻ പ്രയാസപ്പെടുന്ന ഇരുനരുടെയും ആവശ്യങ്ങൾ സ്‌കൂളിൽ എത്തിയാൽ നിർവ്വഹിക്കാൻ സഹായിക്കുന്നത് സഹപാഠികളാണ്. അവരാണ് ഇരുവർക്കും വീൽചെയർ വാങ്ങിച്ചു നൽകണം എന്ന് എം.എൽ.എയോട് ആവശ്യപ്പട്ടത്. അപ്പോൾതന്നെ സ്‌പോൺസറെ കണ്ടെത്തി ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. ഇതേതുടർന്ന് റോജി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇൻഡ്യയുമായി (ഐ.സി.എ.ഐ) ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഐ.സി.എ.ഐ എറണാകുളം ഘടകം ഉടൻ തന്നെ അതിനു വേണ്ട നടപടികൾസ്വീകരിക്കുകയും, രണ്ട് വീൽചെയറുകൾ സംഭാവന നൽകുകയും ചെയ്തു.

സ്‌കൂളിൽവച്ചു നടന്ന ചടങ്ങിൽ അൽജിത്തിനും, ഷിഫാസിനും എം.എൽ.എ വീൽചെയറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നീതു അനു അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ പി.ജെ.ജോയ്,ഐ.സി.എ.ഐ ഭാരവാഹികളായ ലൂക്കോസ് ജോസഫ്, റോയ്‌വർഗ്ഗീസ്, ജോർജ്ജ് കുര്യൻ,ഡി.സി.സി സെക്രട്ടറി ഷൈജോ പറമ്പി, വാർഡ് മെമ്പർ അഞ്ചുസുധീർ, പി.ടിഎ പ്രസിഡന്റ് മനോജ്കുമാർ,സി.ഐ.ടി.യു പ്രസിഡന്റ് സി.കെ.ഉണ്ണിക്യഷ്ണൻ, ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.വി.ജോസ്, ജന.സെക്രട്ടറി പി.ഡി.വർഗ്ഗീസ്, എ.ഐ.ടി.യുസി ജന.സെക്രട്ടറി അഡ്വ.ബൈജു, ഹെഡ്മിസ്ട്രസ്സ്‌സീന പി.വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.