കാലടി സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോം നിർമ്മിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ

 

കാലടി:അങ്കമാലി ശബരിറെയിൽ പാതയിൽ കാലടി സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോം നിർമ്മിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ റെയിൽവെ ചീഫ് എൻഞ്ചിനീയറോടും, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോടും ആവശ്യപ്പെട്ടു. പുതുതായി പണിയുന്ന പാതയിൽ കാലടി സ്റ്റേഷനിൽ ഒരു പ്ലാറ്റ് ഫോമിനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഈ പാതയിലെ ഏറ്റവും മർമ്മ പ്രധാനവും തിരക്കേറിയതുമായ കാലടി സ്റ്റേഷനിൽ ഭാവിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാം പ്ലാറ്റ് ഫോമും, ഫൂട്ട് ഓവർ ബ്രിഡ്ജും നിർമ്മിക്കണമെന്ന് എം.എൽ.എ റെയിൽവെ അധിക്യതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കാലടി, മലയാറ്റൂർ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും, വിനോദസഞ്ചാരികളും,കൊച്ചി വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന യാത്രക്കാരും ഈ റെയിൽപാത പ്രവർത്തനം ആരംഭിക്കുമ്പോൾ കാലടി സ്റ്റേഷനിൽ എത്തിച്ചേരും.അങ്കമാലി ഭാഗത്തു നിന്നും, പെരുമ്പാവൂർ ഭാഗത്തു നിന്നുമുള്ളമറ്റു ട്രെയിനുകളുടെ ക്രോസ്സിംങ് സ്റ്റേഷനായി കാലടി സ്റ്റേഷൻ മാറാൻ സാധ്യതയുള്ളതിനാൽ രണ്ടാം പ്ലാറ്റ്‌ഫോമും, ഫൂട്ട്ഓവർ ബ്രിഡ്ജും യാത്രക്കാരുടെ സൗകര്യവും, സുരക്ഷയും മുൻനിർത്തി ആവശ്യമായിവരും. ഇതിനാൽ രണ്ടാം പ്ലാറ്റ്‌ഫോം നിർമ്മിക്കാനാവശ്യമായ ഭൂമി റെയിൽവെ നിലവിൽ ഏറ്റെടുത്തിട്ടുള്ളതിനാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് നിർമ്മിക്കുന്നതിനു വേണ്ടിയിട്ടുള്ള നടപടികൾ കൈക്കൊള്ളണമെന്ന് എം.എൽ.എ റെയിൽവെ അധികൃതരോട് ആവശ്യപ്പെട്ടു.