യുവതിയുടെ ബാഗില്‍നിന്ന് എ.ടി.എം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം അപഹരിച്ച കേസില്‍ സ്ത്രീ പിടിയില്‍

 

പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയുടെ ബാഗിൽ നിന്ന്‌ എ.ടി.എം കാർഡുകൾ മോഷ്ടിച്ച് പണം അപഹരിച്ച കേസിൽ
സ്ത്രീ പിടിയിൽ. തമിഴ്‌നാട് തിരുനെൽ വേലിസ്വദേശിനി അമ്പിളി (45)യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 23ന് പെരുമ്പാവൂർ ആർ ടിഓഫിസ് ജംഗ്ഷനിൽ നിന്ന് ടൗണിലേയ്ക്ക് സ്വകാര്യബസിൽ യാത്രചെയ്ത മഞ്ജുഷയെന്ന യുവതിയുടെ ബാഗിലുണ്ടായിരുന്ന രണ്ട് എടിഎം കാർഡുകളാണ് അമ്പിളി മോഷ്ടിച്ചത്.

കാർഡുകൾ മോഷണം പോയത് ബോധ്യപ്പെട്ട യുവതി ഉടൻ തന്നെ ബാങ്കിൽ എത്തി കാർഡ് മരവിച്ചിരുന്നു. എന്നാൽ അതിന് തൊട്ടു മുമ്പ് തന്നെ രണ്ട് എ.ടി എമ്മുകളിൽ  നിന്നായി 50,000 രൂപ പിൻവലിച്ചിരുന്നു.പൊലീസിൽ നൽകിയതിനെ തുടർന്ന് ഇത് കാലടിയിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നുമാണ് പണം പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

lady-robberyവ്യാഴാഴ്ച്ച രാവിലെ പെരുമ്പാവൂര്‍ ടൗണ്‍ പളളിക്ക് സമീപമെത്തിയ മോഷ്ടാവായ യുവതി തന്‍റെ കണ്ണട മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകനായ ജബ്ബാർ വാത്തേലിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടൻ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും യുവതി ഓടി ബസിൽ
കയറി. എന്നാല്‍ ജബ്ബാർ വാത്തേലി യുവതിയെ പിൻതുടർന്ന് പൊലീസിൽ വിവരം നല്‍കി. കുറുപ്പംപടി ബസ് സ്റ്റാന്റില്‍ എത്തിയ പൊലീസ് അവിടെ നിന്നുമാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.

കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ, സിസി ടിവി ദൃശ്യങ്ങളില്‍ ഒരാള്‍ പണം പിന്‍വലിച്ച്  നല്‍കുന്നതില്‍ സംശയം ഉണ്ടായിരുന്നു. എന്നാല്‍ കാലടിയിലെ വസ്ത്രക്കടയില്‍  നിന്നും ഡ്രസ്സ് എടുത്ത്  എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ കടയുടമയുടെ സഹായം തേടുകയായിരുന്നൂവെന്ന് പൊലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ എസ് ഐ ഫൈസലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്‌.