സിനിമയിലും ആല്‍ബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

 

പെരുമ്പാവൂര്‍: സിനിമയിലും ആല്‍ബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിറവം മുരിങ്ങേലി പറമ്പില്‍ വേണുഗോപാല്‍(50) ആണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.അങ്കമാലി നായത്തോട് സ്വദേശിയില്‍ നിന്നും പല തവണയായി 14.5 ലക്ഷം ഇയാള്‍ തട്ടിയെടുത്തിരുന്നു. മക്കളെ ഭക്തിഗാന ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കൂടാതെ ആല്‍ബത്തിന്‍റെ നിര്‍മ്മാതാക്കാമെന്നും പ്രതി വാഗ്ദാനം കൊടുത്തിരുന്നു.

തട്ടിപ്പ് അറിയാതിരിക്കാന്‍ പലപ്പോഴായി പല പ്രശസ്ത സിനിമാ സീരിയല്‍ സംവിധായകരുടെയും അടുത്ത് ഇയാളെയും മക്കളെയും പ്രതികൂട്ടികൊണ്ടു പോയി വിശ്വാസ്യത ഉറപ്പു വരുത്തുവാന്‍ ശ്രമിച്ചിരുന്നു. ഗുരുവായൂരപ്പന്‍ എന്ന് പേരിട്ട ഭകതിഗാന ആല്‍ബത്തില്‍ അഭിനയിപ്പിക്കാനെന്നും പറഞ്ഞ് കുട്ടികളുടെ ഫോട്ടോ സെഷനും ഇയാള്‍ നടത്തിയിരുന്നു. തുക കൈപ്പറ്റി രണ്ടു വര്‍ഷത്തോളം പലതും പറഞ്ഞു കബളിപ്പിച്ചതില്‍ സംശയം തോന്നിയാണ് പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ മറ്റു തട്ടിപ്പുകളെപ്പറ്റി കൂടുതല്‍ അറിഞ്ഞത്.

ചാലക്കുടിയില്‍ നിന്നുളള ഒരു വീട്ടമ്മയുടെ അനുജത്തിയുടെ കലാകാരിയായ മകളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 65,000 രൂപ കവര്‍ന്നിരുന്നു. കൂടാതെ പിറവം പാഴൂര്‍ സ്വദേശിയായ ആര്‍ട്ട് സ്‌കൂള്‍ നടത്തുന്ന ഒരാളില്‍ നിന്ന് ഗള്‍ഫില്‍ സ്റ്റേജ് ഷോ നടത്തുന്നതിനാവശ്യമയ ഡ്രസ്സുകളും മറ്റും വാങ്ങി തരാമെന്ന് പറഞ്ഞ് അരലക്ഷം രൂപ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്നു പ്രതിയെന്നും കുറുപ്പംപടി എസ്‌ഐ പി എം ഷമീര്‍ പറഞ്ഞു. മുങ്ങി നടക്കുകയായിരുന്ന പ്രതിയെ കുറുപ്പംപടി പോലീസ് സിനിമയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറഞ്ഞ് തന്ത്രപരമായി ഇയാളെ മുവാറ്റുപുഴയില്‍ വിളിച്ചു വരുത്തി വലയിലാക്കുകയായിരുന്നു. സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ സംസ്ഥാനത്തുടനീളം നടത്തിയതായാണ് പ്രാഥമിക വിവരം.

അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സാലി, ഷംസുദ്ദീന്‍, എസ്‌സിപിഒമാരായ അബ്ദുല്‍ റസാഖ്, സിപിഒ ബിനില്‍ പോള്‍ എന്നിവരുണ്ടായിരുന്നു.