കാലടി പോലീസ് സ്‌റ്റേഷനിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി

 

കാലടി: മഞ്ഞപ്രയിൽ വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.മഞ്ഞപ്ര തവളപ്പാറ ജംഗ്ഷനിൽ ജോർജ്ജിറ്റ് സ്‌റ്റോഴ്‌സ് നടത്തുന്ന കണ്ടമംഗലത്താൻ വീട്ടിൽ ജിജൊ ജോസ് ,പിതാവ് കെ.ടി ജോസ് എന്നിവർക്കാണ്  മർദ്ദനമേറ്റത്‌.

കഴിഞ്ഞ തിരുവോണ ദിനത്തിൽ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.മർദ്ദിച്ചയാളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് നൽകിയതാണ്.കാലടി പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരന്‍റെ സ്വാധീനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു.മേഖലയിൽനിന്നും 22 യൂണിറ്റുകൾ മാർച്ചിൽ പങ്കെടുത്തു.

കലടി ബസ്‌സ്റ്റാന്റിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.100 കണക്കിനു പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.പോലീസ് സ്‌റ്റേഷനു മുൻപിൽ മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻ എംഎൽഎ പി ജെ ജോയി,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിഎഎം ഇബ്രാഹിം,മേഖല പ്രസിഡന്റ് ജോജി പീറ്റർ,ഫ്രാൻസീസ് തച്ചിൽ,ഷാഗിൻ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.പ്രതികളെ ഉടൻ പിടികൂടയില്ലെങ്കിൽ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരികൾ പറഞ്ഞു