നെട്ടിനമ്പിളളിയിൽ വൈദ്യുതിലൈനിൽ പൊട്ടിത്തെറി : വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിക്കുന്നു 

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ നെട്ടിനമ്പിളളിയിൽ വൈദ്യുതിലൈനിൽ അടിക്കടിയുണ്ടാകുന്ന പൊട്ടിത്തെറി സമീപത്തെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിക്കുന്നു.33 കെവി വൈദ്യുതലൈനിലാണ് പൊട്ടിത്തെറികൾ ഉണ്ടാകുന്നത്. ഈ മാസം 2-ാം തീയതി രാത്രി 10 മണിയോട്കൂടി ഉണ്ടായ പൊട്ടിത്തെറിയിൽ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് നാശം സംഭവിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.പലതവണ ഇവിടുത്തുകാർ ഇതുസംബന്ധിച്ച് വൈദ്യുതി ബോർഡിന് പരാതികൾ നൽകിയതാണ്.എന്നാൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ പൊട്ടിത്തെറികൾ ആവർത്തിക്കുകയാണ്. 33 കെവി ലൈനിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൽ വീടുകളിലേക്ക് അതിക വൈദ്യുതി കടന്നു വരും ഇതുമൂലമാണ് വൈദ്യുതി ഉപകരണങ്ങൾക്ക് നാശം സംഭവിക്കുന്നത്.

ഇതിനകം50 ഓളം വീടുകളിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടത്തിന് ബോർഡിൽ നിന്നും അനുകൂലമായ പരിഹാരമുണ്ടായില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് നാട്ടുകാർ പറയുന്നു നഷ്ടമുണ്ടായ മുഴുവൻ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി വൈദ്യുതി ബോർഡ് ഓഫീസിനുമുൻപിൽ സമരം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ റെന്നി പാപ്പച്ചൻ അറിയിച്ചു.