കൊറിയോഫെസ്റ്റിൽ അഹല്യ ശ്രദ്ധേയമായി

 
കാലടി: കാലടി ശ്രീശങ്കര സ്‌ക്കൂൾ ഓഫ് ഡാൻസിന്‍റെ സിൽവർ ജൂബിലി നൃത്താവതരണങ്ങളുടെ ഉത്സവമായ സിൽവർ ജൂബിലി കൊറിയോഫെസ്റ്റിന് ശ്രീശങ്കര നാട്യമണ്ഡപത്തിൽ തുടക്കമായി.നർത്തകിയും അദ്ധ്യാപികയുമായ വൈഷ്ണവി സുകുമാരൻ അവതരിപ്പിച്ച ‘അഹല്യയുടെ ‘ നൃത്താവിഷ്‌കാരത്തോടെ വേദി ഉണർന്നു.

1തന്‍റെതല്ലാത്ത കാരണത്താൽ അഹല്യ ഭർത്താവായ ഗൗതമ മുനിയാൽ ശപിക്കപ്പെട്ട് കല്ലായി തീർന്നു. ശ്രീരാമചന്ദ്രന്‍റെ ഭക്തയായ അഹല്യ കല്ലിൽനിന്നുളള തന്‍റെ മോചനത്തിനു വേണ്ടി അദ്ദേഹത്തെ മനസ്സുരുകി പ്രാർത്ഥിക്കുന്നു. ശാപമോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന അഹല്യയെയാണ് നർത്തകി ഇവിടെ പ്രത്യേകം ചിട്ടപ്പെടുത്തി പുനരാവിഷകരിച്ചത്.പരമ്പരാഗത കുച്ചുപ്പുടി ഇനങ്ങളായ ഗണേശസ്തുതി, വൃന്ദാവനത്തിലെ രാധയെ സ്തുതിക്കുന്ന വൃന്ദാവന നിലയേ, ദേവിസ്തുതി എന്നിവയും വൈഷ്ണവി അവതരിപ്പിച്ചു.

2ഡോ. എ.ബി. അനില മോഹിനയാട്ടത്തിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ ശ്രീകൃഷ്ണായ നമ: അവതരിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍റെ വ്യക്തിത്വത്തിന്‍റെ വിവിധ വശങ്ങളും ഗീതോപദേശവും അരമണിക്കൂർ നീണ്ടുനിന്ന ലാസ്യ മനേഹരമായി അനില ദൃശ്യവൽക്കരിച്ചു. പരമ്പരാഗത ഇനങ്ങളായ ഗണപതി സ്തുതി , കൃഷ്ണാ നീ ബേഗനേ ബാരോ…ഓമന തിങ്കൾക്കിടാവോ എന്ന  താരാട്ടുപ്പാട്ടിന്‍റെ ദൃശ്യാവിഷ്‌കാരം എന്നിവയും അനില അവതരിപ്പിച്ചു.

ഡോ.സി.പി.ഉണ്ണികൃഷ്ണൻ നൃത്ത സംവിധാനവും എം.എസ്.ഉണ്ണികൃഷ്ണൻ സംഗീത സംവിധാനവും നിർവഹിച്ചു. ശ്രീകുമാർ ഊരകം, വേണു കുറമശ്ശേരി, അനിൽ ഇടപ്പളളി, ജോയ് പോട്ട, നീതു പി.ആർ, അമൃത സുരേഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

3കുച്ചുപ്പുടി നർത്തകി ഗീതാ പത്മകുമാർ കൊറിയോഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.വി.പീതാംബരൻ, സ്‌കൂൾ ഡയറക്ടർ സുധാ പീതാംബരൻ , എ.ആർ.അനിൽകുമാർ , ടി.ജി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.