കൊച്ചി വിമാനത്താവളത്തിൽ മോക് ഡ്രിൽ: അടിയന്തിര സാഹചര്യം നേരിടാൻ സജ്ജം

 

നെടുമ്പാശ്ശേരി:അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക് ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് മോക്ഡ്രിൽ നടത്തിയത്. സിയാലിന്‍റെ നേതൃത്വത്തിൽ നടത്തിയ എമർജൻസി മോക്ഡ്രില്ലിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾ, ജില്ലയിലെ ആശുപത്രികൾ, ദുരന്ത നിവാരണ സംഘം, ജില്ലാ ഭരണകൂടം, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് , എയർപോർട്ട് അതോററ്റി തുടങ്ങി മുപ്പതോളം ഏജൻസികൾ പങ്കെടുത്തു.

എയർ ഇന്ത്യ നൽകിയ ബോയിങ് 777-200 വിമാനത്തെ ” ആൽഫ ഡെൽറ്റ എയർലൈൻ ” എന്ന എയർലൈൻ ആക്കി മാറ്റി. ഒമ്പത് ജീവനക്കാരുൾപ്പെടെ 160 പേർ വിമാനത്തിലുണ്ടായിരുന്നു വിമാനം ടേക്ക് ഓഫ് നടത്തുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് രണ്ടര മണിയോടെ ക്യാപ്റ്റന്‍റെ സന്ദേശം. ഫ്‌ളൈറ്റ് നമ്പർ എ.ഡി 567-ൽ തീപ്പിടിത്തമുണ്ടായി. വിമാനത്തിനുള്ളിൽ പുകനിറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് സിയാൽ അഗ്നി ശമന രക്ഷാ വിഭാഗ (എ.ആർ.എഫ്.എഫ്.)ത്തിലേയ്ക്ക് സന്ദേശം കൈമാറിയതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.

moc1എ.ആർ.എഫ്.എഫ് സീനിയർ മാനേജർ സോജൻ കോശിയുടെ നേതൃത്വത്തിൽ അത്യാധുനിക ഉപകരണങ്ങളുമായി അഗ്നിശമന സേന രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായരുടെ നേതൃത്വത്തിൽ ചലിക്കുന്ന കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കകം ഇന്ത്യൻ നേവിയുടെ ആംബുലൻസ് ഹെലിക്കോപ്റ്റർ സജ്ജമായി.ഇന്ത്യൻ നേവിയുടേയും കോസ്റ്റ് ഗാർഡിന്റേയും ആംബുലൻസ് ഹെലിക്കോപ്ടറുകളും സ്ഥലത്തെത്തി. സീനിയർ കമാൻഡന്റ് എം.ശശികാന്തിന്‍റെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ് വിഭാഗം സുരക്ഷാ ചുമതല ഏറ്റെടുത്തു.

ദുരന്ത ബാധിത എയർലൈൻ വിഭാഗമായി എയർ എന്ത്യ പ്രവർത്തിച്ചു. കമാൻഡ് പോസ്റ്റിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഏമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, ബോഡി ഹോൾഡിങ് ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ, പബ്ലിക് റിലേഷൻസ് സെൽ എന്നിവയും മിനിറ്റുകൾക്കകം പ്രവർത്തനം തുടങ്ങി.

ജില്ലാ ഭരണകൂടത്തിന്‍റെ ദുരന്ത നിവാരണ സംഘമാണ് വിമാനത്താവളത്തിന് പുറത്തെ രക്ഷാ ദൗത്യം ഏകോപിപ്പിച്ചത്. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു. ഓരോ വിമാനത്താവളത്തിന്‍റെയും രക്ഷാ സന്നാഹങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനാണ് രണ്ടുവർഷത്തിലൊരിക്കൽ ഫുൾ സ്‌കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തുന്നത്