മലയാറ്റൂര്‍ കൊന്തേമ്പിള്ളി പാലത്തിനു സമീപം തോടിന്‍റെ വശം ഇടിഞ്ഞു

 

മലയാറ്റൂര്‍ : മലയാറ്റൂര്‍ കൊന്തേമ്പിള്ളി പാലത്തിനു സമീപം തോടിന്‍റെ വശം ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെത്തുടര്‍ന്നാണ് കെട്ട് ഇടിഞ്ഞത്. തൊട്ടടുത്തു വരെ വശം ഇടിഞ്ഞത് പാലത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി.

തേക്കുംതോട്ടം വഴി ഷണ്‍മുഖപുരത്തേക്കുള്ള വഴിയാണിത്. മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടന സമയങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ഇതിലേയാണ്. തോടിന്‍റെ വശം ഇടിഞ്ഞതോടെ സമീപവാസിയുടെ മതിലും തകര്‍ന്നു. കല്ലും മണ്ണും തോട്ടിലേക്ക് വീണു കിടക്കുകയാണ്.

മണപ്പാട്ടു ചിറയിലെ വെള്ളം കാര്‍ഷികാവശ്യത്തിനായി എടുത്തശേഷം പുഴയിലേക്ക് തിരികെ ഒഴുക്കുന്നത് ഈ തോടുവഴിയാണ്. കൊന്തേമ്പിള്ളി പാലത്തിന്‍റെ  ബലക്ഷയം പരിഹരിക്കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമാണ്. പാലത്തിന്‍റെ അടിഭാഗത്ത് കമ്പികള്‍ തുരുമ്പെടുത്ത് തെളിഞ്ഞുനില്‍ക്കുന്നു. തോടിന്‍റെ വശം ഇടിയുകകൂടി ചെയ്തതോടെ വലിയ അപകടാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.