സിയാൽ റിക്കവറി ടീമിന്‍റെ 17 മണിക്കൂർ ശ്രമത്തിൽ എക്‌സ്പ്രസ് വിമാനം ഹാംഗറിലെത്തി

 

നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സിയാലിന്‍റെ ഹാംഗറിലേയ്ക്ക് മാറ്റി. സിയാലിന്‍റെതന്നെ  ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി ടീമിന്‍റെ 17 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിലാണ് വിമാനത്തിന് അധികമായി ഒരു പോറലുപോലുമേൽക്കാതെ ഹാംഗറിലെത്തിയ്ക്കാനായത്.

ചൊവ്വാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം-ഐ.എക്‌സ് 452 അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിന് ശേഷം റൺവെയിൽ നിന്ന് ടാക്‌സി വേയിലെത്തിയ വിമാനം ഏപ്രണിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ടാക്‌സി വേയിൽ നിന്ന് ഏപ്രണിലേയ്ക്ക് തിരിയുന്നതിലുണ്ടായ കണക്കുകൂട്ടൽ തെറ്റിയതോടെ വിമാനം ദിശമാറുകയും പുറകിലെ ചക്രങ്ങൾ ഓടയിൽ പതിക്കുകയും ചെയ്തു. അപകടം നടന്നയുടനെതന്നെ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്‍റെ നേതൃത്വത്തിൽ സിയാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

plain-2ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ എയർ ഇന്ത്യ എസക്‌സ്പ്രസ് ഇൻജിനീയർമാരും സിയാൽറിക്കവറി ടീമും (ഡാർട്ട്)
ചേർന്ന് വിമാനത്തെ ഉയർത്തിയെടുക്കുന്ന പ്രക്രിയ തുടങ്ങി. ചിറകിന് കീഴ് ഭാഗത്ത് ഹോളോ ബ്രിക്‌സ്, മണൽ ഉൾപ്പെടെയുള്ള ഉപയോഗിച്ച് തറനിരപ്പുയർത്തുകയും ചിറകിന് തൊട്ടുതാഴെ എയർബാഗുകൾ വച്ച് വിമാനത്തെ ഉയർത്തുകയുമായിരുന്നു ആദ്യം ചെയ്തത്. ഇത്തരം അഞ്ച് ലോ-പ്രഷർ എയർബാഗുകൾ സിയാൽ ഡാർട്ടിനുണ്ട്. ഓരോന്നിനും 30 ടൺ ഭാരം താങ്ങാനാകും. ഇങ്ങനെ ഒരുഭാഗമുയർത്തുമ്പോൾ വിമാനത്തിന്‍റെ മൊത്തം സന്തുലനം തെറ്റാതെ നോക്കണം. ഇതിനായി പ്രത്യേകതരം റബർ ട്യൂബുകളും മറ്റ് ഉപകരണങ്ങളുമുണ്ട്. പിൻഭാഗം ഉയർത്തിയതിനുശേഷം മുൻഭാഗം ഹൈഡ്രോളിക് സംവിധാനത്തിന്‍റെ സഹായത്തോടെ ഉയർത്തുകയും മുൻചക്രങ്ങൾ ട്രോളിയുടെ പുറത്ത് ഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ട്രക്ക് ഉപയോഗിച്ച് വിമാനത്തെ അതീവ സൂക്ഷ്മതയോടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു.

എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായരുടെ നേതൃത്വത്തിലായിരുന്നു വിമാന രക്ഷാ പ്രവർത്തനം നടത്തിയത്. ഡാർട്ടിലെ 17 അംഗങ്ങളെക്കൂടാതെ സിയാലിന്റെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം പേരും ഈ പ്രക്രിയയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12 ന് തുടങ്ങിയ പ്രയത്‌നം ബുധനാഴ്ച പുലർച്ചെ 4.45 ന് അവസാനിച്ചു. അധികമായി ഒരു പോറൽപോലുമേൽക്കാതെ വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള സിയാലിന്‍റെ ഹാംഗറിലെത്തി.

plain-32011-ൽ ഗൾഫ് എയർ വിമാനം അപകടത്തെത്തുടർന്നാണ് സ്വന്തമായി എയർപോർട്ട് റിക്കവറി ടീം ഉണ്ടാക്കാൻ സിയാൽ മാനേജ്‌മെന്റ് തീരുമാനിച്ചത്. തുടർന്ന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് ജർമനി, നെതർലൻഡ്‌സ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദഗ്ധ പരിശീലനം നൽകി. 2016-ൽ ഡാർട്ട് വിപുലീകരിക്കുകയും മൊത്തം 7.15 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദേശത്ത് നിന്നാണ് ഉപകരണങ്ങൾ എത്തിച്ചത്. സാധാരണയായി എയർലൈനുകൾക്കാണ് റിക്കവറി ടീം ഉണ്ടാകുക. അപകടമുണ്ടാകുമ്പോൾ എയർലൈനുകളുടെ പ്രധാന പ്രവർത്തനകേന്ദ്രങ്ങളിൽ നിന്ന് റിക്കവറി ടീമിനേയും ഉപകരണങ്ങളേയും എത്തിക്കണം. ഇത് കാലതാമസം വരുത്തും. റൺവെയിലാണ് അപകടം നടന്നതെങ്കിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം തന്നെ മുടങ്ങും. എന്നാൽ സുസജ്ജമായ ഡാർട്ട് രൂപവത്ക്കരിച്ചതോടെ സിയാൽ ഈ പരിമിതി മറികടന്നിട്ടുണ്ട്. മറ്റ് എയർപോർട്ടുകൾക്കും എയർലൈനുകൾക്കും സിയാലിന്‍റെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

plain-4പൂർണ തോതിൽ സജ്ജമായതിന് ശേഷം ആദ്യമായാണ് സിയാൽ ഡാർട്ട് നേരിട്ടുള്ള റിക്കവറി പ്രവർത്തനം നടത്തുന്നത്. സ്വതന്ത്രമായി ആദ്യം ചെയ്ത പ്രവർത്തനം തന്നെ വിജയമായതോടെ ഡാർട്ടിന്റെ സേവനം മറ്റ് എയർലൈനുകൾക്കും വിമാനത്താവളങ്ങൾക്കും ഉപയുക്തമാക്കാനുള്ള ആലോചനയിലാണ് മാനേജ്‌മെന്റ്.