ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി

 

നെടുമ്പാശ്ശേരി:ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി.സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്രയായവരാണ് എ ഐ 964 എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് വടുതല വി.എം.മൂസ മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് പുണ്യഭൂമിയില്‍ നിന്നുള്ള ആദ്യ സംഘം എത്തിയത്.

മൂന്ന്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ നിന്നായി 140 ഹാജിമാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇവരെ കൂടാതെ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 150 ഹാജിമാര്‍ കൂടി നെടുമ്പാശ്ശേരിയിലെത്തി.കേരളത്തില്‍ നിന്നും മദീന വിമാനത്താവളം വഴി മക്കയിലെത്തിയ ഇവര്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായ 11470 പേരെ കൂടാതെ 9000 പേരാണ് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്രയായിരുന്നത്.ഇവരോടൊപ്പം 4000 ത്തിലധികം പ്രവാസി മലയാളികളും വിവിധ രാജ്യങ്ങളില്‍ നിന്നായി ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തി.ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മലയാളികള്‍ ഒരുമിച്ച് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നത്.

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഹസ്സന്‍ ഫൈസി,സമസ്ത കേരള ജഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.മുഹമ്മദ്‌ ദാരിമി,ജനറല്‍ സെക്രട്ടറി കെ.എച്ച്.അബ്ദുസ്സമദ് ദാരിമി,അഷ്‌റഫ്‌ ഹുദവി,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആലുവ മേഖല പ്രസിഡന്‍റ് ഇസ്മായില്‍ ഹസനി,വി.കെ.മുഹമ്മദ്‌ ഹാജി,അഷ്‌റഫ്‌ ഫൈസി,കെ.കെ.അബ്ദുള്ള,എം.എ.സുധീര്‍,അബ്ദുള്‍ സലാം പള്ളിക്കര,ബഷീര്‍ ഫൈസി,സലാം ഇസ്‌ലാമിയ,വി.എം.അന്‍സാര്‍,സലാം ചിറ്റെത്തുകര,അബ്ദു മനാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യ സംഘം ഹാജിമാരെ സ്വീകരിച്ചത്.