ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് : മൂന്നാം ഘട്ട നൃത്ത സംഗീതോത്സവം 7, 8, 9, തീയതികളിൽ

 

കാലടി:ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട നൃത്ത സംഗീതോത്സവം സെപ്തംമ്പർ 7, 8, 9, തീയതികളിൽ ശ്രീശങ്കര നാട്യമണ്ഡപത്തിൽ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി നാട്യ സെമിനാർ, ക്ലാസ്സിക്കൽ നൃത്തം, സകലകല എന്നിവ അരങ്ങേറും.7 ന്  രാവിലെ 9.30 ന് പ്രശസ്ത നർത്തകി ശ്യാമള സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ടി.സലിം അദ്ധ്യക്ഷത വഹിക്കും.

മൂന്ന് ദിവസവും രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാറുകളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ നൃത്ത രൂപങ്ങളിൽ കഴിഞ്ഞ 25 വർഷമായി വന്നുകൊണ്ടിരിക്കുന്ന പ്രയോഗ രീതികളെക്കുറിച്ച് പയ്യന്നൂർ എൻ.വി. കൃഷ്ണൻ മാസ്റ്റർ, പത്മശ്രീ ജേത്രി കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ക്ലാസ്സിക് കലകളിൽ നാടൻ കലകളുടെ സ്വാധീനം എന്ന വിഷയത്തിൽ ഡോ.സി.പി.ഉണ്ണികൃഷ്ണൻ, കൂത്തിന്‍റെ കാലിക പ്രസക്തിയെക്കുറിച്ച് ഡോ.എടനാട് രാജൻ നമ്പ്യാർ എന്നിവർ സെമിനാർ നയിക്കും. അദ്ധ്യാപികമാരും സീനിയർ കലാകാരികളും സെമിനാറിൽ പങ്കെടുക്കും.

7 ന് വൈകിട്ട് നാല് മണിക്ക് പ്രശസ്ത കലാകാരൻ രാജീവ്കൃഷ്ണ ചൈതന്യ നയിക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുളള സോപാനനൃത്തം അരങ്ങേറും. തുടർന്ന് ആധുനിക കാലടിയുടെ ശില്പിയും സാമൂഹിക പരിഷ്‌കർത്താവുമായ ആഗമാനന്ദ സ്വാമികളുടെ സംഭാവന ദൃശ്യവത്കരിക്കുന്ന ആഗമാനന്ദചരിതം അരങ്ങേറും. അനുശ്രീ വി. നൃത്താവിഷ്‌കാരം വേദിയിൽ എത്തിക്കും.

8-ാം തീയതി ആദിശങ്കര ട്രെയിനിംങ്ങ് കോളേജിലെ 60 കലാകാരികൾ പങ്കെടുക്കുന്ന സകലകല അരങ്ങേറും. സകലകലയിൽ തിരുവാതിര, നാടോടിനൃത്തം, കേരള നടനം, സംഘനൃത്തം, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസ്സിക്കൽ നൃത്തം, മാർഗംകളി, ഒപ്പന, കഥകളി സംഗീതം, മൃദംഗ വാദനം, പാഠകം, അഷ്ടപദി , മിഴാവ് വാദനം, കരോക്കെ ഗാനം, ലളിത ഗാനം, മോണോ ആക്ട്, ദേശഭക്തിഗാനം, സംഘഗാനം, ഗിത്താർ വാദനം , നാടൻ പാട്ട് തുടങ്ങിയവ ഉണ്ടാകും

8, 9 തീയതികളിൽ സോളോ ക്ലാസ്സിക്കൽ സംഗീതം അരങ്ങേറും. സീതാലക്ഷ്മി വി, നമ്യലക്ഷ്മി ആർ, ശ്രീലക്ഷ്മി രംഗനാഥ്, അപർണ്ണ കെ.എച്ച്. നന്ദന സതീഷ്, ദൃശ്യ സി.എസ്., കാർത്തിക സതീഷ്, ഗൗരി വി. പ്രദീപ്, നന്ദന അജയൻ, അഞ്ജന ആനന്ദ് എന്നിവർ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലും സീനിയർ കലാകാരി കളുടെ സോളോ ക്ലാസ്സിക്കൽ നൃത്തം ഉണ്ടാകും. സീതാലക്ഷ്മി വി, അനുശ്രീ വി, അക്ഷര ആർ.നായർ, ഐശ്വര്യ വി, എസ്. പാർവ്വതി, കീർത്തി ദ്രാവിഡ് ഷാൻ, നിത്യ എം.ടി, ദേവപ്രിയ ജി, ഏഞ്ചലീന സജീവ്, ഇന്ദുജ സുരേഷ്ബാബു, ഗായത്രി വി, അഭിരാമി എസ്, ജെസ്‌നി വർഗീസ്, എൻ.ജ്യോതിലക്ഷ്മി, സാന്ദ്ര മരിയ ബേബി, അനുപമ അനിൽകുമാർ, അനഘ ടി.ജയൻ, അക്ഷയ അശോകൻ എന്നിവർ പങ്കെടുക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം, മെമ്പർ കെ.ടി.എൽദോസ്, ഡി.വൈ.എസ്.പി കെ.പി.ജോസ്, ചാർട്ടേർഡ് അക്കൗണ്ടന്റ് ടി.സി.ബാലസുന്ദരം , കെ.എസ്.ആർ.ടി.സി. ഡയറക്ടർ മാത്യൂസ് കോലഞ്ചരി വിവിധ ചടങ്ങുകളിൽ അതിഥികളായിരിക്കും.