മഞ്ഞപ്രയിൽ വൃദ്ധന്‍റെ മരണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

 

കാലടി :മഞ്ഞപ്ര അമലാപുരം പോളയില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (62) യുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെക്കൂറിച്ച് സൂചന ലഭിച്ചു.അറസ്റ്റ് ഉടനുണ്ടാകും.മഞ്ഞപ്ര വടക്കുംഭാഗം കവലയിൽ കടയുടെ മുൻവശത്ത് വെള്ളിയാഴ്ച്ച രാവിലെയാണ് കൃഷ്ണൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മൽപ്പിടുത്തം നടന്നതിന്‍റെ ലക്ഷണവും ഉണ്ടായിരുന്നു.വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണണെമെന്ന് പോലീസ് കരുതുന്നു.

ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും നിര്‍ണായകമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധനയില്‍ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്നു വരുന്നു. മഞ്ഞപ്ര സഹകരണ ബാങ്ക് സ്ഥാപിച്ചിട്ടുള്ള ക്യാമറയും മറ്റ് സ്ഥാപനങ്ങളുടെ മുന്നിലെ ക്യാമറയും പോലീസ് പരിശോധിച്ചു.

മൃതദേഹത്തിന്‍റെ തലയിലും മുഖത്തും ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു. വാരിയെല്ലിനേറ്റ ഗുരുതര ക്ഷതത്തെത്തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.കൃഷ്ണന്‍കുട്ടി കിടന്ന കടത്തിണ്ണയില്‍ രക്തക്കറ പുരണ്ടിട്ടുണ്ട്. ബാഗും ചെരുപ്പുകളും പരിസരത്ത് ചിതറിക്കിടക്കുകയായിരുന്നു. കഴുത്തില്‍ മുണ്ടും ചുറ്റിക്കിടനന്നിരുന്നു. ഇതെല്ലാം മറ്റാരുമായോ മല്‍പ്പിടുത്തം നടന്നതിന്റെ സൂചനയാണെന്ന് പോലീസ് വിലയിരുത്തുന്നു.