ആകാശത്തൊരാൽ മരം

 

അങ്കമാലി: അങ്കമാലി പട്ടണത്തിൽ ദേശിയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നു പഴയ മുൻസിപ്പൽ ഓഫിസ് കെട്ടിടത്തിൽ ആൽമരം വളർന്ന് നിൽക്കുന്നത് ഭീഷണിയാകുന്നു. ആൽമരം മാത്രമല്ല കെട്ടിടത്തിന്‍റെ മറ്റ് വശങ്ങളിലായി മരവും ചെടിയും പുല്ലുമൊക്കെ വളർന്ന് നിൽക്കുന്നുണ്ട്. കൈവരികളും കോൺക്രീറ്റ് തകർന്ന് നാശോന്മുഖമാണ്. ജനാലകൾ അടക്കാൻകഴിയാത്തതിനാൽ കിളികളും ഇതിനകത്ത് കൂട്കൂട്ടിയിട്ടുണ്ട്. മഴക്കാലമായതോടെ പലയിടത്തും ചോർന്നൊലിക്കുന്നു. ജില്ലാ സഹകരണ ബാങ്കടക്കം നിരവധി വ്യാപാരസ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

angamaly

നഗരസഭഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷമുള്ള രാഷ്ടിയ തർക്കമാണ് ഈ ശോചനീയാവസ്ഥക്ക് കാരണം. കെട്ടിടത്തിന്‍റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് അങ്കമാലി നഗരസഭയിലെ ഇടതു പക്ഷ ഭരണസമിതി കെട്ടിടം പുതുക്കി പണിയണമെന്ന നിലപാടിലാണ്.എന്നാൽപല തവണ  കെട്ടിട വിഭാഗവുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ കെട്ടിടത്തിന് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും കെട്ടിടത്തിന്‍റെ ബലത്തില്‍ ആശങ്കയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പദ്ധതികള്‍ ഒഴിവാക്കിയിരിക്കുന്നത് കെട്ടിടം ലേലം ചെയ്ത് നല്‍കിയ കാലതാമസവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഒഴിവാക്കുന്നതിനും മറ്റു ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള നീക്കം നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ടവര്‍ അറ്റകുറ്റപണികള്‍ നടത്തണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇതിനെയെല്ലാം അവഗണിച്ച്കൊണ്ട് കെട്ടിടം പൊളിക്കു ന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതില്‍  വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

ആകാശത്തൊരാൽ മരം എന്ന പേരിൽ മണി അയ്യമ്പുഴ എന്ന വ്യക്തി ഫെയ്സ്ബുക്കിൽ ഇട്ട ചിത്രവും പോസ്റ്റും ഇതിനകം ചർച്ചയായിട്ടുണ്ട്. ഈ ആൽ മരം നീക്കം ചെയ്തു അറ്റകുറ്റപണി നടത്താൻ അധികൃതരുടെ നടപടിയെടുക്കണമെന്നാണ് മണി ഫെയ്സ്ബുക്കിൽ ആവശ്യപ്പെട്ടിരിക്കുന്നത്.