ശ്രീമൂലനഗരത്ത് നടന്ന മേഷണത്തിൽ അന്വേഷണം ഊർജിതമാക്കി

 

കാലടി: കഴിഞ്ഞ ദിവസം ശ്രീമൂലനഗരത്ത് നടന്ന മേഷണത്തിൽ അന്വേഷണം ഊർജിതമാക്കി.ഒരു സി സി ടി വി ദൃശ്യങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന കച്ചവട സ്ഥാപനത്തിനു സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുൻപിലുള്ള ക്യാമറയിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇത് വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. 7 വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഒന്നിലതികം മോഷ്ടാക്കൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.

കഴിഞ്ഞ ആഴ്ച്ച വാഴക്കുളത്തും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. രണ്ടു മോഷണവും ഒരേ മോഷ്ടാക്കളാണോ നടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാലടി സി.ഐ സജി മാർക്കോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.വെള്ളിയാഴ്ച്ച പുലർച്ചയാണ് മോഷണം നടന്നത്.ഒരു കടയുടെ ഭിത്തി തുരന്നും മറ്റു കടകളുടെ ഷട്ടറിന്റെ താഴ് തകർത്തുമാണ് മോഷണം നടത്തിയിരിക്കുന്നത്.

ഇതിനിടയിൽ ശ്രീമൂലനഗരത്തെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനമൈത്രി പോലീസിന്‍റെ ഭാഗമായാണ് ശ്രീമൂലനഗരത്ത് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. മുഴുവൻ സമയവും പോലീസിന്‍റെ സേവനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രവർത്തനം തുടങ്ങി ദിവസങ്ങൾ മാത്രമാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചത്. കാലടി സ്റ്റേഷനിൽ വേണ്ടത്ര പോലീസ് ഇല്ലാത്തതാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാൻ കഴിയാത്തത്.ഉത്സവ സീസണായതിനാൽ പോലീസിന്‍റെ ഭാഗത്ത് നിന്നും പരിശോധനകൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.