ബിപിഎൽ കാർഡ് എപിഎല്ലായപ്പോൾ നിർധനയും നിരാലംബയുമായ റോസിക്ക് അന്നം മുട്ടി

 

മലയാറ്റൂർ:ബിപിഎൽ കാർഡ് എപിഎല്ലായപ്പോൾ നിർധനയും നിരാലംബയുമായ റോസിക്ക് അന്നം മുട്ടി. പുറന്തോട് മാലി ഭാഗത്തു താമസിക്കുന്ന റോസി (82) ക്കാണ് റേഷൻ ലഭിക്കാത്തത‌്.വർഷങ്ങൾക്കു മുൻപു ഭർത്താവും മക്കളും മരിച്ചതിനെ തുടർന്നു റോസി കൊച്ചു വീട്ടിൽ ഒറ്റയ്ക്കാണു താമസം. വാർധക്യ സഹജമായ അസുഖത്താൽ നടക്കാൻ ബുദ്ധിമുട്ടുന്നു. ഇട്യ്ക്കു സഹായത്തിനു സഹോദരൻ വരുന്നതു മാത്രമാണ് ആശ്വാസം. പല നാട്ടുകാരും വിമലഗിരി പള്ളിയിലെ ഭക്ത സംഘടനകളും സഹായിക്കുന്നതു മൂലമാണു ജിവീതം മുന്നോട്ടു പോകുന്നത്.

റേഷൻ കാർഡ് പുതുക്കൽ നടന്നപ്പോൾ റോസിയുടെ കാർഡ് ബിപിഎല്ലിൽ നിന്ന് എപിഎല്ലായത്. റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇനി ഓണം കഴിഞ്ഞാലേ കാർഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണു താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അധികൃതർ പറയുന്നത്.

എഴുത്തും വായനയും അറിയാത്ത റോസി ഇനി എവിടെ പരാതി നൽകുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്.ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി നടപടിയെടുക്കണമെന്നു കോൺഗ്രസ്–എസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മനോജ് നാൽപാടൻ ആവശ്യപ്പെട്ടു.