ഗാന്ധിയൻ ആദർശത്തിൽ ഊന്നി നാരായണൻ നായർ 

കാലടി: തൊണ്ണൂറ്റി മൂന്നാം വയസിലും ഗാന്ധിയൻ ആദർശത്തിൽ ഊന്നിയുള്ള ജീവിതമാണ് കാഞ്ഞൂർ പൂതിയേടം വാരനാട്ട് വീട്ടിൽ നാരായണൻ നായരുടേത്. ഗാന്ധിജി തന്നെയാണ് ശരിയെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ കർമയോഗി. ദിവസവും രാവിലെ ഗാന്ധി പ്രതിമയിൽ നാരായണൻ നായർ പുഷ്പാർച്ചന നടത്തും. പതിമൂന്നാം വയസിൽ ഗാന്ധിജിയെ നേരിട്ട് കണ്ടതാണ് നാരായണന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. ആലുവ റെയിൽവേ സ്‌റ്റേഷനിൽ ഗാന്ധിജി എത്തുന്നുണ്ടെന്നറിഞ്ഞ് സുഹൃത്ത് കൊച്ചനിയന്‍റെയൊപ്പം ഗാന്ധിജിയെ കാണാൻ ചെന്നു. തീവണ്ടിയിലിരുന്ന് കൈ വീശിക്കാണിച്ച ഗാന്ധിജിയുടെ രൂപം ഇന്നും നാരായണന്‍റെ മനസിൽ നിന്നും മാറിയട്ടില്ല. അന്നു മുതൽ ഗാന്ധിയൻ ആദർശങ്ങൾക്ക് വേണ്ടിയാണ് ജീവിതം.നിരവധി സമരങ്ങൾക്ക് നേതൃത്വം വഹിക്കാനും നാരായണൻ നായർക്കായിട്ടുണ്ട്.

narayan-nair-2സാമ്പത്തിക പ്രതിസന്ധി മൂലം നാലാം വയസിൽ പഠനം ഉപേക്ഷിച്ചു. ചെറുപ്പത്തിൽ ചക്കയിടാൻ പ്ലാവിൽ കയറിയപ്പോൾ വീണ് കാലൊടിഞ്ഞു. കുറച്ചു നാൾ ആശുപത്രിയിൽ കിടപ്പിലുമായി.ആശുപത്രിയിൽ നിന്നും  വരുന്ന വഴി അയിത്തംമാറാൻ പുതിയേടം ക്ഷേത്രക്കുളത്തിൽ നാരായണൻ നായരെ  മുക്കിയെടുത്ത ശേഷമാണ് അച്ഛൻ വീട്ടിൽ കയറ്റിയത്. ഇത് പിന്നീട് അച്ഛനിൽ മാനസിക വിഷമത്തിനു കാരണമായെന്ന് നാരായണൻ നായർ ഓർക്കുന്നു. അച്ഛൻ കിടപ്പിലായതോടെ കുടുംബത്തിന്‍റെ ചുമതല നാരായണൻ നായരിലായി.

 

പത്ത് അണ ദിവസക്കൂലിക്കായി പെരുമ്പാവൂരിനടുത്ത് മുടിക്കലിൽ തീപ്പെട്ടി  കമ്പനിയിൽ ജോലിക്കു ചേർന്നു. കൂലി കൂട്ടിക്കിട്ടാൻ 1945 ൽ നാരായണൻ നായരുടെ നേതൃത്വത്തിൽ സമരവും ആരംഭിച്ചു. പ്രദേശത്ത് 144 ഉം പ്രഖ്യാപിച്ചു. ഡിവൈഎസ്പി കർത്തയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും.നാരായണൻ നായരടക്കം 10 പേർക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.7 പേരെ പിടിച്ചു. നാരായണൻ നായർ ഉൾപ്പെടെ 3 പേർ ഒളിവിൽ പോയി. ജയിലിൽ പോയവരുടെ കുടുംബങ്ങളെ ഒളിവിൽ നിന്നു കൊണ്ട് സംരക്ഷിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് ഒളിവു ജീവിതം അവസാനിപ്പിച്ചത്. പിന്നീട് മദ്യ വിരുദ്ധ സമരങ്ങളിൽ സജീവമായി. 1992 ൽ മട്ടാഞ്ചേരി കൂവപ്പാടത്ത് ചാരായ ഷാപ്പ് അടച്ചുപൂട്ടാനുള്ള സമരത്തിൽ മന്മമദൻ മാഷിനൊപ്പം നാരായണൻ നായരും മുൻ പന്തിയിലുണ്ടായിരുന്നു. സമരത്തെ തുടർന്ന് ജയിൽ വാസം വരെ അനുഷ്ടിച്ചു. പിന്നീട് ഷാപ്പ് അടക്കുകയും ചെയ്തു.

narayan-nair-3പാവപ്പെട്ടവരുടെ സ്കൂളായിരുന്ന പുതിയേടം ശക്തൻ തമ്പുരാൻ യുപി സ്കൂൾ. സ്കൂളിലേക്ക്  നാരായണൻ നായരുടെ ശ്രമഫലമായാണ് സ്കൂളിന് വഴി ലഭിച്ചത്. പഞ്ചായത്തിൽ ബഡ്സ്സ് സ്കൂൾ സ്ഥാപിക്കുന്നതിന് 5 സെന്‍റ് സ്ഥലം നാരായണൻ നായർ സൗജന്യമായി നൽകി. ഒരു നിർബന്ധം മാത്രം. 2 സെന്‍റ് സ്ഥലത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നും തനിക്ക് അതിൽ ദിവസവും പുഷ്പാർച്ചന നടത്തണം. പ്രതിമയുടെ നിർമ്മാണമേൽനോട്ടവും നാരായണൻ നായർ ഏറ്റെടുത്തു. ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രതിമയാണ് സ്ഥാപിച്ചത്. ആ പ്രതിമയിലാണ് നാരായണൻ നായർ ദിവസവും പുഷ്പാർച്ചന നടത്തുന്നത്. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ കലക്റ്ററേറ്റിൽ നടക്കുന്ന പരിപാടിയിൽ പ്രത്യേക ക്ഷണിതാവു കൂടിയാണ് നാരായണൻ. സ്വാത്രന്ത്ര്യ സമര സേനാനി പെൻഷനും ലഭിക്കുന്നുണ്ട്.
narayan-nair-4ഭാര്യ ദേവകിയമ്മ നാരായണൻ നായർക്കൊപ്പമുണ്ട്. അഞ്ച് മക്കളാണ് നാരായൻ നായർക്കുള്ളത്.നന്ദകുമാർ, പ്രസാദ്, ഗീത അജിത്കുമാർ, രാധാകൃഷ്ണൻ, സുരേഷ്.