മലയാറ്റൂരിൽ വനഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുപ്പ്

 

മലയാറ്റൂർ : കൃഷി ആവശ്യത്തിനു മാത്രമായി പട്ടയം നല്കിയിട്ടുള്ള റിസർവ് വനഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുപ്പ്. മലയാറ്റൂർ-നിലീശ്വരം പഞ്ചായത്തിലെ യൂക്കാലി ഭാഗത്ത് റിസർവ് വനത്തിലെ കൃഷിക്ക് വേണ്ടി മാത്രം പട്ടയം നൽകിയ ഭൂമിയിൽ നിന്നാണ് നിയമവിരുദ്ധമായി മണ്ണെടുക്കുന്നത്. മൂന്നേക്കറോളം വരുന്ന ഭൂമിയിൽ നിന്നാണ് നിയമം ലംഘിച്ച് വൻതോതിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്.മണ്ണെടുപ്പ് നടത്തിയ സ്ഥലത്ത് ഉമിചാരം കൊണ്ടുവന്ന് നിക്ഷേപിച്ചിരിക്കുകയാണ്.ഇത് മലിനീകരണ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. മലയാറ്റൂർ അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിന്റെ സമീപത്താണ് ഈ നിയമലംഘനം നടക്കുന്നത്.

malayattor-2കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഈ റിസർവ്ഡ് വനപ്രദേശത്തെ നശീകരണ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന ഉത്തരവിട്ടതിന്‍റെ ഫലമായി വനം വകുപ്പ് ഈ പ്രദേശത്ത് വ്യവസായ സ്ഥാപനങ്ങൾക്കും അനധികൃത വാഹന ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. വ്യവസായ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള രഹസ്യനീക്കങ്ങളുടെ ഭാഗമായാണ് ഇവിടെ കൃഷി നടക്കുന്നുണ്ടെന്ന് പ്രചരിക്കുന്നതെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ഈ പ്രദേശത്ത്‌യാതൊരുവിധ കൃഷിയും 10 വർഷമായി നടക്കുന്നില്ല. കൃഷി നടത്തുന്നു എന്നുള്ള പേരിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഈ ഭാഗത്തുള്ള പ്രകൃതിയെയും ശുദ്ധജല ലഭ്യതയെയും മനുഷ്യവാസത്തെയും ദോഷകരമായി ബാധിക്കുന്നതിന് ഇടയാക്കുമെന്നും നാട്ടുകാർ പറയുന്നു.

നിയമവിരുദ്ധങ്ങളായഏതു നീക്കങ്ങളെയും ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന സംസ്ഥാനകമ്മിറ്റിയംഗം റ്റി.ഡി. സ്റ്റീഫൻ, എം.പി.രാജു,മണിതൊട്ടിപറമ്പി, സെബാസ്റ്റ്യൻ ഇലവുകുടി, പൗലോസ് പനയേലി,വിഷ്ണു വള്ളിയാംകുളം എന്നിവർ അറിയിച്ചു.