വൻ ടൂറിസം വികസന പ്രതീക്ഷയിൽ മലയാറ്റൂർ – അതിരപ്പിള്ളി മേഖല

 

കാലടി:മലയാറ്റൂർ-ഏഴാറ്റുമുഖം-അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന്‍റെ വിശദമായ പദ്ധതി രൂപരേഖ കേന്ദ്ര സർക്കാരിന്‍റെ പരിഗണനക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ചെന്ന്  റോജി എം.ജോൺ എം എൽ എ  അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ  സ്വദേശ് ദർശൻ സ്‌കീമിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിനാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്. കാലടി, മലയാറ്റൂർ, കോടനാട്, ഏഴാറ്റുമുഖം, അതിരപ്പിള്ളി എന്നീ കേന്ദ്രങ്ങളുടെയും,സമീപ പ്രദേശങ്ങളുടെയും ടൂറിസം സാദ്ധ്യതകൾ വികസിപ്പിച്ചെടുക്കുന്നതിനായുള്ള 98.93 കോടി രൂപയുടെ സമഗ്രമായ പദ്ധതി രൂപരേഖയാണ് കേന്ദ്ര ടൂറിസം മന്ത്രലയത്തിനു സമർപ്പിച്ചിരിക്കുന്നത്. malayattoor

കേന്ദ്ര സംഘം നേരിട്ടെത്തി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച്‌ സർക്യൂട്ടിന്‍റെ സാദ്ധ്യതകൾ പരിശോധിച്ച്‌  അനുമതി നൽകുന്നതാണ് സ്വദേശ് ദർശൻ സ്‌കീമിന്‍റെ അടുത്ത നടപടിക്രമം. ഇത് വേഗത്തിലാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ടൂറിസം മന്ത്രലയവുമായി ബന്ധപ്പെട്ട്  സ്വീകരിക്കണമെന്ന് എം.എൽ.എ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു.

കാലടി ടൗണിന്‍റെ സമഗ്രമായ വികസനം ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, ശങ്കര  കവാടം, അദ്വൈത കലാ  കേന്ദ്രം, മാണിക്കമംഗലം ചിറയുടെ നവീകരണം,മലയാറ്റൂർ പള്ളി മുതൽ കുരിശുമുടി അടിവാരം വരെയുള്ള പാതയുടെ നവീകരണം, മണപ്പാട്ടുചിറയുടെ വികസനം, ഇല്ലിത്തോട് മുതൽ അതിരപ്പിള്ളി വരെ നീളുന്നകാനന പാതയും വിശ്രമകേന്ദ്രങ്ങളുടെയും നിർമ്മാണം, ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്‍റെ നവീകരണം, അതിരപ്പിള്ളിയിൽ സൈക്കിൾ ട്രാക്ക്, ടൂറിസ്റ്റുകൾക്കായുള്ള വിശ്രമ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

srigariഅന്താരാഷട്ര തീർത്ഥാടന കേന്ദ്രങ്ങളായ കാലടിയുടെയും, മലയാറ്റൂരിന്‍റെയും ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ്  ടൂറിസം സർക്യൂട്ട് വിഭാവനം ചെയ്യുന്നത്. ഈ രണ്ടു കേന്ദ്രങ്ങളെയും, അതിരപ്പിള്ളിയുമായി ബന്ധിപ്പിക്കുക വഴി ടൂറിസം രംഗത് ഈ മേഖലയിൽ വൻ  കുതിപ്പ് ഉണ്ടാകുമെന്നും ഈ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാകുമെന്നും റോജി എം.ജോൺ പറഞ്ഞു.