കാലടി ടൗണിൽ റോഡരികിലെ മാലിന്യ നിക്ഷേപം: പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി നേരിട്ടെത്തി പരിശോധന നടത്തി

 

കാലടി:കാലടി ടൗണിൽ റോഡരികിലെ മാലിന്യ നിക്ഷേപം പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി നേരിട്ടെത്തി പരിശോധന നടത്തി. തുടർന്നു പഞ്ചായത്തിന്‍റെ വാഹനത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. മാലിന്യങ്ങൾ നിക്ഷേപിച്ചവരെ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റ് താക്കീത് നൽകി.ദിവസങ്ങളോളമാണ് ഇവിടെ മാലിന്യങ്ങൾ കുന്നുകൂടി കിടന്നത്.പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴായിരുന്നു മാലിന്യങ്ങൾ നിറഞ്ഞു കിടന്നതും.

ബസ് സ്റ്റോപ്പുകളിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യാതെ കിടന്നത്.മഴയത്ത് ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ച് കിടക്കുകയായിരുന്നു. മുക്കു പൊത്തിയാണ് ജനങ്ങൾ ഇവിടെ ബസ് കാത്തുനിന്നിരുന്നതും. പഞ്ചായത്ത് മാലിന്യങ്ങൾ നിഷേപിക്കുന്ന ചെമ്പിശേരി ഭാഗത്ത് പ്രദേശവാസികൾ മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞിരുന്നു. അതിനാൽ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതരും വിസമ്മതിക്കുകയായിരുന്നു.ഒരാഴ്ചത്തെ മാലിന്യങ്ങൾ ടൗണിൽ പലയിടത്തുമായി കിടക്കുന്നുണ്ടായിരുന്നു.പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ശുചീകരണ തൊഴിലാളികളും ചേർന്നു റോഡരുകിൽ കിടക്കുന്ന മാലിന്യങ്ങളിലെ കവറുകൾ തുറന്നു പരിശോധിക്കുകയും അവയിൽ പലതിന്റെയും ഉടമകളെ തിരിച്ചറിയുകയും ചെയ്തു.അവരെ സ്ഥലത്തു വച്ചു തന്നെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടും ഫോണിൽ വിളിച്ചും താക്കീത് നൽകി.

വ്യാപാര സ്ഥാപനങ്ങളിലെയും, വീടുകളിലെയും മാലിന്യങ്ങളാണ് ഇവിടെ  കൊണ്ടു വന്നിട്ടിരുന്നത്.ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്നിട്ടിരുന്നു. രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്. മാലിന്യം നിഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീക്കരിക്കാനുള്ള തെയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.