കാലടി ഗ്രാമപഞ്ചായത്തിലെ അനധികൃത മാംസ വിൽപ്പന കേന്ദ്രങ്ങൾ ഹൈക്കോടതി നിരോധിച്ചു

 

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ അനധികൃത മാംസ വിൽപ്പന കേന്ദ്രങ്ങൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.വാഹനങ്ങളിൽ കൊണ്ടു നടന്നുള്ള വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അനധികൃത വിൽപ്പനകേന്ദ്രങ്ങൾ താത്കാലികമായി അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇത് സ്ഥിരപ്പെടുത്തിയിരിക്കുകയാണ് കോടതി.അനധികൃത വിൽപ്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ കാലടി സിഐക്ക് നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. റിട്ടയേഡ് അദ്ധ്യാപികയായ എസ് ആർ കനകാബിക  നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്.

പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപകമായ പരാതിയാണ് ഉയര്‍ന്നു വന്നിരുന്നത്.മൃഗങ്ങളുടെ അറുത്ത തലകളും മറ്റും റോഡരികിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പല വില്‍പ്പന കേന്ദ്രങ്ങളും യാതൊരു ശുചിത്വവും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതും. മാംസാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചിടുന്നത് പരിസരണ മലിനീകരണത്തിനും കാരണമായിരുന്നു. വന്‍ ദുര്‍ഗന്ധമാണ് മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് സമീപത്തും.പൊതു സ്ഥലത്ത് മാംസം പ്രദര്‍ശിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു പഞ്ചായത്തിന്‍റെ പലഭാഗങ്ങളിലും അനധികൃതമായി  മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.