അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തബോര്‍ ഡിവിഷന്‍ ജലഗ്രാമസഭ സംഘടിപ്പിച്ചു

അങ്കമാലി: കാലാവസ്ഥ വ്യതിയാനം മൂലം കാലവര്‍ഷത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവും തന്മൂലം വരാനിരിക്കുന്ന വരള്‍ച്ചയും കണക്കിലെടുത്ത് ജലസംരക്ഷണത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്  ജലഗ്രാമസഭ തബോര്‍ ഡിവിഷനില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ജലഗ്രാമസഭകള്‍ നടന്നത്.മൂക്കന്നൂര്‍ സെന്റ് ജോര്‍ജ്ജ് സെഹിയോന്‍ പള്ളി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി റോജി എം. ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനും പ്രോജക്ട് കണ്‍വീനറുമായ ടി. എം. വര്‍ഗീസ് പദ്ധതി അവതരിപ്പിച്ചു. ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ റോജി എം. ജോണ്‍ എം എല്‍ എ ചൊല്ലികൊടുത്ത മഴവെള്ള സംരക്ഷണ പ്രതിജ്ഞയെടുത്തു.

 

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഭൂഗര്‍ഭജലത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞുവരുന്നുയെന്നത് ഉത്കണ്ഠജനകമാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കുഴല്‍കിണറുകളില്‍പോലും വെള്ളമില്ലാത്ത അവസ്ഥയാണ്‌.

മഴവെള്ള സംരക്ഷണത്തില്‍ എല്ലാ വീടുകളിലും കുടിവെള്ള കിണറുകളില്‍ റീചാര്‍ജ്ജീംഗ് ഏര്‍പ്പെടുത്തുക, മഴക്കുഴികള്‍ നിര്‍മ്മിക്കുക, കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കി സംരക്ഷിക്കുക, കുടിവെള്ള, ജലസേചനപദ്ധതികള്‍ പുനരുദ്ധരിക്കുക, നീര്‍ത്തടാധിഷ്ടിത മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.  തീര്‍ത്ഥാടന, വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹരിതനിയമാവലി നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഭുഗര്‍ഭജലനിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ജലക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.