ധീരതയ്ക്ക്‌ മാതൃകയായ മാണിക്കമംഗലം സ്വദേശി പ്രജിത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്

 

കാലടി:ധീരതയ്ക്ക്‌ മാതൃകയായ  മാണിക്കമംഗലം സ്വദേശി പ്രജിത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്.ആദിശങ്കരക്കു കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്ടു മുതലുളള ഉപരിപഠനം സൗജന്യമായി ഏറ്റെടുത്തിരിക്കുകയാണ് . ഒരു ഗ്രാമത്തിന്‍റെ അഭിമാനമായ പ്രജിത്തിന് നാടിന്റെയാകെ ആദരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു കുരുന്നു ജീവനാണ് പ്രജിത്തിന്‍റെ സാഹസികത മൂലം രക്ഷപ്പെട്ടത്.

1

മാണിക്കമംഗലം തുറയിൽ കാൽവഴുതി വീണ ഒന്നാം ക്ലാസ് വിദ്യാർത്ഥി കണ്ണനെയാണ് പ്രജിത്ത് രക്ഷപ്പെടുത്തിയത്.തുറയുടെ അടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണൻ കാൽവഴുതി വെളളത്തിൽ വീഴുകയായിരുന്നു.തുറയുടെ ഒരു വശത്ത് കൊച്ചുകുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കണ്ണൻ വെളളത്തിൽ മുങ്ങിത്താഴുന്നതുകണ്ട് ഇവർ ബഹളം വച്ചു.ഇത് കേട്ട് ഓടിയെത്തിയ പ്രജിത്ത് കണ്ടത് കണ്ണൻ വെളളത്തിൽ മുങ്ങി താഴുന്നതാണ് .പിന്നീടൊന്നും ആലോചിക്കാതെ പ്രജിത്ത് ആഴമേറിയ തുറയിലേക്ക് എടുത്തുചാടി കണ്ണനെ കരക്കടുപ്പിച്ചു.ഉടൻ നാട്ടുകാർ കണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2

സംഭവം അറിഞ്ഞ് നിരവധി പേരാണ് പ്രജിത്തിനെ അനുമോദിക്കാനെത്തിയത്. പ്രജിത്തിന്‌ വലിയൊരു സമ്മാനവുമായാണ് കാലടി ആദിശങ്കര ട്രസ്റ്റ് എത്തിയത്. ആദിശങ്കര ട്രസ്റ്റിനു കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്ടു മുതലുളള ഉപരിപഠനം സൗജന്യമായി ഏറ്റെടുത്തിരിക്കുകയാണ് .ഉപരി പഠനം എന്താണെന്ന് പ്രജിത്തിന് തിരഞ്ഞെടുക്കാം.സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു കുട്ടിയെ രക്ഷിച്ചത് മാതൃകയാണെന്ന് ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദും,മാനേജിങ്ങ് ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസർ പ്രൊ.സി.പി ജയശങ്കറും പറഞ്ഞു.മാണിക്കമംഗലം ചന്ദ്രവിഹാർ പ്രദീപ് – ശ്രീജ ദമ്പതികളുടെ മകനാണ് പ്രജിത്ത്.കാലടി ആശ്രമം സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.