കേരള സര്‍ക്കാരിന്‍റെ അനാസ്ഥ  കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുന്നു. റോജി എം. ജോണ്‍ എം.എല്‍.എ 

അങ്കമാലി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സമയാസമയങ്ങളില്‍ കേന്ദ്ര സർക്കാരിന്‌ നല്‍കേണ്ട സ്ഥിതി വിവര കണക്കുകള്‍ യാഥാസമയം നല്‍കാത്തതും കേരള സര്‍ക്കാരിന്‍റെ അനാസ്ഥ മുതലാക്കി കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടികളുമാണ് കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി യാഥാസമയം ലഭിക്കാത്തതിന് കാരണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ആരോപിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വിതരണം ചെയ്യുക, റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മൂക്കന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍  നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.ഇന്ത്യയില്‍ കേരള സംസ്ഥാനത്ത് മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി നല്‍കാനുള്ളു. 2015-16 സാമ്പത്തീക വര്‍ഷത്തെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് യാഥാസമയം നല്‍കാത്തത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കിയില്ല. ഒരു ഫെഡറല്‍ ഭരണ സംവിധാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ പാലിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും, കേരളത്തിലെ ഇടതു സര്‍ക്കാരും തയ്യാറാകാത്തതാണ് പ്രശ്‌നം . തൊഴിലാളികളുടെ മൗലീക അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണിതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ടി.എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ  കെ.പി ബേബി , പി.വി ജോസ്, പി.വി സജീവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മോളി വിന്‍സെന്റ് , വൈസ് പ്രസിഡന്റ് ഏലിയാസ് കെ. തരിയന്‍ , എം.പി. ഗീവര്‍ഗ്ഗീസ്,ജോസ് മാടശ്ശേരി, കെ.വി ബിബീഷ്, പി.എല്‍ .ഡേവീസ്, ബിജു പാലാട്ടി,  എം.പി. ദേവസ്സി, ലീലാമ്മ പോള്‍, ജിഷാ ജോജി, ജയരാധാകൃഷ്ണന്‍ , ബീന ജോണ്‍സണ്‍, സ്വപ്നാജോയ് , ഡെയ്‌സി ഉറുമീസ്,  കെ.ടി തോമസ്, കെ.എസ്  ജെയിംസ്, തോമസ് മൂഞ്ഞേലി , ബിബിന്‍ ലോറന്‍സ് , കെ.എം ലൂയിസ് , ബാബു സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.