പാറപ്പുറം-വല്ലംകടവ് പാലം യാഥാർത്ഥ്യമാകുന്നു

 

കാലടി:കാഞ്ഞൂരിന്‍റെ മുഖഛായ മാറ്റുമെന്ന പാറപ്പുറം-വല്ലംകടവ് പാലം യാഥാർത്ഥ്യമാകുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ വല്ലം കടവിൽ നിന്ന് പെരിയാറിന് കുറുകെ പെരുമ്പാവൂർ നഗരസഭ അതിർത്തിയായ വല്ലത്തേയ്ക്കാണ് പാലം ചെന്നെത്തുന്നത്. 1988ൽ എം. ഉണ്ണിമേനോൻ പ്രസിഡന്റായുള്ള യുഡിഎഫ് ഭരണസമിതിയാണ് ഈ പാലം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി റസ്യൂലേഷൻ പാസ്സാക്കുന്നത്. പിന്നീട്‌ വർഷങ്ങൾക്കുശേഷം എം.എൽ.എയായി വന്ന അൻവർസാദത്തിന്‍റെയും സാജു പോളിന്‍റെയും
ശ്രമഫലമായാണ് പാലം യാഥാർത്ഥ്യമായത്.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ 30 കോടിരൂപ പാലത്തിനായി അനുവദിച്ച് ഭരണാനുമതി നൽകുകയായിരുന്നു. കൂടാതെ അപ്രോച്ച്‌ റോഡിനായി പെരുമ്പാവൂർ നഗരസഭ, ഒക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ 75 സെന്റ് സ്ഥലം ഏറ്റെടുക്കുകയും ഇതിനായി 4.18 കോടിരൂപ അനുവദിക്കുകയുംചെയ്തു. കോയിക്കൽ തറവാട്ടിലെ തമ്പുരാക്കൻമാർക്ക് കുളിയ്ക്കുവാനും തേവാരത്തിനും വേണ്ടി നിർമ്മിച്ചതാണ് വല്ലം കടവ്. ട്രാവൻകൂർറയോൺസ് ജീവനക്കാരായിരുന്ന ഈ പ്രദേശത്തെ നൂറ് കണക്കിനാളുകൾ വഞ്ചിമാർഗ്ഗം അക്കരെ കടന്നിരുന്ന കടവുമാണ്.വർഷക്കാലത്ത് നിറഞ്ഞൊഴുകുന്ന പെരിയാറിൽ ജീവൻ പണയംവച്ചായിരുന്നു ഇവരുടെ യാത്ര. ഇവരുടെ ദുരിത യാത്ര കണ്ടതിനെ തുടർന്നാണ് റയോൺസ് ഉടമ ചിദംബരം ചെട്ടിയാർ സൗജന്യ ബസ്സ്‌സർവ്വീസ് ആരംഭിച്ചത്.

vallam-2പാലം നിർമ്മാണ ചുമതല ഇടപ്പിള്ളി ഇൻകെൽ കൺ സോർഷ്യത്തിനാണ്. രണ്ട് വർഷമാണ് കാലാവധിയെങ്കിലും അതിന് മുൻപെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാർ വ്യക്തമാക്കി. 290 മീറ്റർ നീളവും 11.50 മീറ്റർവീതിയുമുള്ള പാലത്തിൽ ഇരുഭാഗത്തും നടപ്പാതയും ലൈറ്റുകളുമുണ്ടാകും.

vallamകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ ഫൊറോന പള്ളി എന്നി വിടങ്ങളിലേക്കെത്തുന്നവർക്ക് കാലടിയിലെ ഗതാഗത കുരുക്കിൽ പെടാതെ പാലം കടന്നെത്തുവാനാകും. കിഴക്കൻജില്ലകളിൽ നിന്നെത്തുന്നവർക്ക് ഏകദേശം 8 കി.മീറ്റർ ലാഭിയ്ക്കുവാനുമാകും. പാറപ്പുറം, വെള്ളാരപ്പിളളി, കാഞ്ഞൂർ, തുറവുംകര, ചുതിയേടം പ്രദേശങ്ങൾ, പെരുമ്പാവൂർ പട്ടണത്തോട് സമീപ സ്ഥലമാക്കുകയുംചെയ്യും. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളുടെ വികസന കുതിപ്പിനും, സഞ്ചാരസൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കുന്നതിനും പുതിയ പാലം ഉപയുക്തമാകുമെന്നതിൽ തർക്കമില്ല. വർഷങ്ങളായിട്ടുള്ള കാഞ്ഞൂർ, പാറപ്പുറം നിവാസികളുടെ കാത്തിരിപ്പിനാണ് ഇതോടെ സാഫല്ല്യമാകുക