സെബിയൂരിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു

 

മലയാറ്റൂർ: മലയാറ്റൂർ – നീലീശ്വരം ഗ്രാമപഞ്ചായത്തിലെ സെബിയൂരിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വിവിധ കമ്പനികളിലേയും വീടുകളിലേയും ആഘോഷപരിപാടികളിലേയും മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. ഇവിടങ്ങളിൽ മഴക്കാല രോഗങ്ങളും,പകർച്ചവ്യാധികളും പടർന്ന് പിടിക്കുമ്പോഴാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്‌.വിവിധ സംഘടനകൾ ശുചീകരണ പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത്. റോഡിന്‍റെ വശങ്ങളിലാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്.പക്ഷികളും തെരുവുനായകളും മാലിന്യങ്ങൾ സമീപത്തെ വീടുകളിലക്കേും മറ്റും കൊണ്ടുവന്നിടുകയാണെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശുചീകരിച്ച പ്രദേശങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്തും ആരോഗ്യവകുപ്പും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.