ഈ വർഷം 15 യുവതികളുടെ മംഗല്യ സ്വപ്നം സാക്ഷാത്കരിച്ച് തിരുവൈരാണിക്കുളം ക്ഷേത്രം

 

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടന്ന
രണ്ടാംഘട്ട സമൂഹവിവാഹത്തിൽ എട്ടു യുവതികളുടെ മംഗല്യം നടത്തി. ക്ഷേത്രത്തിൽ പാർവതീ ദേവീ സന്നിധിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപലാണ്‌ വിവാഹങ്ങൾ നടന്നത്‌. ക്ഷേത്രം മേൽശാന്തി എൻ.കെ. നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
2സജന–സുനിൽകുമാർ, സുകന്യ– ബിജു, വീണ–രാഹുൽ, അപർണ– അനീഷ്, ഷിൽസകല–അജീസ്, ശിൽപ– അനിൽ, അഞ്ജു– അനീഷ്, ചിഞ്ചു– ഷനിൽ എന്നിവരാണു ക്ഷേത്രത്തിലെ നവവധു സങ്കൽപത്തിലുള്ള പാർവതീ ദേവി മുൻപാകെ ജിവിതത്തിൽ ഒന്നിച്ചത്. ക്ഷേത്ര ട്രസ്റ്റ് സീനിയർ മാനേജർ പികെ. നന്ദകുമാർ, മാനേജർ എം.കെ. കലാധരൻ, ക്ഷേത്രം അസിസ്റ്റന്‍റ് മാനേജർ എം.വി. സുരേഷ് എന്നിവരും വിവാഹ ചടങ്ങുകളിൽ പങ്കാളികളായി.3

തുടർന്നു നടന്ന അുനുമോദന യോഗം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റ് അൽഫോൻസ വർഗീസ്, വൈസ് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ, അംഗം എൻ.സി. ഉഷാകുമാരി, ട്രസ്റ്റ് സെക്രട്ടറി പി.ജി. സുധാകരൻ, കൺവീനർ കെ.എസ്. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവാഹ സദ്യയുണ്ടായിരുന്നു.

4കഴിഞ്ഞ മേയ് 14ന് ഏഴുപേരുടെ വിവാഹം ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ക്ഷേത്ര ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അഞ്ചാമതു സമൂഹ വിവാഹമാണിത്. ഇതിനകം 66 നിർധന യുവതികളുടെ വിവാഹം ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടത്തി. ഓരോ വധുവിനും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും വരനു വിവാഹ വസ്ത്രവും ഉൾപ്പെടെ രണ്ടു ലക്ഷം രൂപയാണു ട്രസ്റ്റ് ചെലവഴിക്കുന്നത്. കഴിഞ്ഞ നടതുറപ്പ് ഉത്സവ വേളയിൽ പാർവതീ ദേവിക്കു ചാർത്തിയ ഉടയാട മണവാട്ടിമാർക്കു ദേവീ പ്രസാദമായി നൽകി. വിവാഹത്തിനു മുൻപു ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ വധൂവരന്മാർക്കു കൗൺസലിങ് നൽകിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ചാണു 15 പേരെ വിവാഹത്തിനു തിരഞ്ഞെടുത്തത്.