വിയോഗത്തിന്‍റെ ഇരുപത്തഞ്ചാമാണ്ട് : സ്മരണകളിൽ ശ്രീമൂലനഗരം വിജയൻ

 

ശ്രീമൂലനഗരം:കേരളത്തിന്‍റെ കലാഭൂമികയിൽ ശ്രീമൂലനഗരം എന്ന ഗ്രാമത്തിന് ഇടം നേടിക്കൊടുത്ത ശ്രീമൂലനഗരം വിജയന്‍റെ മൺമറഞ്ഞിട്ട് ഇരുപത്തഞ്ചു വർഷം തികയുന്നു. നടൻ, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയൻ 1992 മെയ് 22നാണ് അന്തരിച്ചത്. 7അറുപതാം വയസിൽ ജീവിതത്തിന്‍റെ അരങ്ങൊഴിയുമ്പോഴേക്കും അരങ്ങിലും അഭ്രപാളിയിലും അദ്ദേഹം രേഖപ്പെടുത്തിയ ദൂരങ്ങൾ അനവധിയായിരുന്നു. വിയോഗത്തിന്‍റെ ഇരുപത്തഞ്ചാം വർഷത്തിലും ശ്രീമൂലനഗരം ഗ്രാമത്തിന്‍റെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു ഈ സാന്നിധ്യം. ജനിച്ചതും മരിച്ചതും ഒരേ ദിവസമെന്ന യാദൃച്ഛികത അവശേഷിപ്പിച്ചാണ് ശ്രീമൂലനഗരം വിജയൻ ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞത്.

2വിദ്വാൻ കെ. ആർ വേലായുധപണിക്കരുടെയും പുകിലേത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച ശ്രീമൂലനഗരം വിജയൻ സ്‌കൂൾ വേദികളിലൂടെയും നാട്ടിലെ സാംസ്‌കാരിക ഇടങ്ങളിലൂടെയുമാണ് കലാരംഗത്തേക്കെത്തുന്നത്. ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ അമേച്വർ നാടകങ്ങളിൽ സജീവമായിരുന്നു. പിന്നീട് പി ജെ ആന്റണിയുടെ പി.ജെ തിയറ്റേഴ്‌സിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കുള്ള പ്രവേശനം. മുസ്ലീം കഥാപാത്രങ്ങലെ
തൻമയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കെ.ടി. മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാംഹിംകുട്ടി ഹാജിയാർ, കളരിയിലെ വെടിക്കെട്ടുക്കാരൻ അദ്രുമാൻ, അത്താഴവിരുന്നിലെ ജനാബ് സി. കെ മൗലവി തുടങ്ങിയവയാണ് നാടകവേദിയിൽ ശ്രീമൂലനഗരം വിജയന്‍റെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ. സംഗമം നാടകം അച്ഛനും ബാപ്പയും എന്ന പേരിൽ സേതുമാധവൻ സിനിമയാക്കിയപ്പോൾ ഇബ്രാഹിംക്കുട്ടി ഹാജിയാർ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിലും അവതരിപ്പിച്ചു.

5സമകാലിക പ്രസക്തിയുള്ള അറുപതോളം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. യമുന, കളരി, യുദ്ധഭൂമി, കുരിശിന്‍റെ വഴി, അത്താഴവിരുന്ന്, തുളസിത്തറ തുടങ്ങിയവ അവയിൽ ചിലത്. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ പ്രശസ്തമായ നാടകട്രൂപ്പുകളിലും സഹകരിച്ചു. സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. 1964ൽ പി.എ തോമസ് സംവിധാനം ചെയ്ത കുടുംബിനിയാണ് ആദ്യചിത്രം. സേതുമാധവൻ സംവിധാനം ചെയ്ത ആദ്യത്തെ കഥ എന്ന സിനിമയിൽ നൂറ്റിരണ്ടു വയസുള്ള വൃദ്ധകഥാപാത്രത്തെ തൻമയത്വത്തോടെ അവതരിപ്പിച്ചു. അച്ഛനും ബാപ്പയും, യത്തീം, ഒരാൾ കൂടി കള്ളനായി, പദ്മതീർത്ഥം, ഭൂമിയിലെ മാലാഖ, പിക്‌നിക്, അഷ്ടപദി തുടങ്ങിയ ചിത്രങ്ങളിലും അഭിനേതാവായി. ശശികുമാർ സംവിധാനം ചെയ്ത പഞ്ചതന്ത്രം, പത്മതീർത്ഥം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കി.

4എന്‍റെ ഗ്രാമം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തു. സ്വന്തം ഗ്രാമത്തിന്‍റെ സ്പന്ദനങ്ങൾ അഭ്രപാളിയിൽ രേഖപ്പെടുത്തിയ സിനിമയിലെ ഗാനം പ്രശസ്തമായി. വെള്ളാരപ്പിള്ളി, ശ്രീമൂലനഗരം ഭാഗങ്ങളിലായിരുന്നു എന്‍റെ ഗ്രാമത്തിന്‍റെ ചിത്രീകരണം. പ്രദേശത്തുള്ള നിരവധി പേർ ഈ സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ പൂർണ്ണമായും കകാരത്തിൽ ആദ്യാക്ഷരപ്രാസത്തിൽ പുറത്തിറങ്ങിയ സിനിമാഗാനമായ കൽപ്പാന്തകാലത്തോളം ഈ എന്‍റെ ഗ്രാമം എന്ന ചിത്രത്തിലൂടെ ആസ്വാദകരിലേക്കെത്തി. 1964ൽ പുറത്തിറങ്ങിയ ഒരാൾ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാസംഗീത രംഗത്ത് ശ്രീമൂലനഗരം വിജയൻ കൈയ്യൊപ്പ് ചാർത്തുന്നത്.

6ചായക്കടക്കാരൻ ബീരാൻ കാക്ക എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് ഏറെ ഹിറ്റായിരുന്നു. കരിവള വിൽക്കണ പെട്ടിക്കാരാ എന്ന ഗാനവും ആ ചിത്രത്തിലുണ്ടായിരുന്നു. പോർട്ടർ കുഞ്ഞാലി എന്ന ചിത്രത്തിലെ വണ്ടിക്കാരൻ ബീരാൻ കാക്ക, എന്‍റെ ഗ്രാമത്തിലെ വീണാപാണിനി, കൽപ്പാന്തകാലത്തോളം, പത്തായം പോലത്തെ വയറാണ്, ഭൂമിയിലെ മാലാഖ എന്ന ചിത്രത്തലെ മുണ്ടോൻ പാടത്ത് കൊയ്ത്തിനു വന്നപ്പോ എന്നു തുടങ്ങുന്നു ഗാനങ്ങളും വിജയന്‍റെ രചനയിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.