മുഖ്യമന്ത്രി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു : കുമ്മനം രാജശേഖരൻ 

കാലടി: കേരളത്തിൽ ഇപ്പോൾ ഡി.ജി.പി സ്ഥാനത്ത് ആരുമില്ല. സുപ്രീംകോടതി വിധി വന്ന അന്നു മുതൽ ലോകനാഥ് ബെഹറ പൊലീസ് മേധാവി അല്ലാതെയായി.അതു കൊണ്ട് ഡി.ജി.പി.യുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കോ പോലീസിനോ ബാധ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. കാലടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി.ജി.പി വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ് .ഇതിൽ ദുരൂഹതയുണ്ട്. സർക്കാർ നീതിന്യായ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്.സെൻകുമാറിന്‍റെ ഡിജിപി പദവി പരമാവധി വൈകിപ്പിക്കുക എന്ന ഉദ്യേശ്യം മാത്രമാണ് ഇതിന് പിന്നിൽ. വിധി നടപ്പാക്കുന്നതിനുപകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് പോലും നീതി തേടി അലയേണ്ട സാഹചര്യമാണ്.

കേരളത്തിലുള്ള ഭൂമി കയ്യേറ്റത്തിൽ മതമേലദ്ധ്യക്ഷൻമാരെ വിളിച്ച് സർക്കാർ ചർച്ച ചെയ്യുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു.ഇവർക്ക് ഭൂമി കയറ്റത്തിൽ പങ്കുണ്ടെന്ന് സർക്കാർ അംഗീകരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.കയ്യേറ്റക്കാർക്ക് മതസ്ഥാപനങ്ങളുടെ പിൻബലം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. കയ്യേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലധ്യക്ഷൻമാർ തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാൽ മതമേലധ്യക്ഷൻമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കൊച്ചിൻ ദേവസം ബോർഡ് തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണ്.ഇത് തീകൊള്ളികൊണ്ട് തല ചൊറിയലാണ്. ക്ഷേത്രങ്ങൾ ഏറ്റെടുക്കൽ തുടർന്നാൽ വലിയ ജനമുന്നേറ്റമുണ്ടാകുമെന്നും കമ്മനം രാജശേഖരൻ പറഞ്ഞു.