അദ്വൈത സിദ്ധാന്തത്തിന്‍റെ വിമോചന മൂല്യങ്ങൾ കൂടുതൽ പ്രസക്തം : സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

 

കാലടി : അദ്വൈത സിദ്ധാന്തത്തിന്‍റെ വിമോചന മൂല്യങ്ങളാണ് ഇപ്പോൾ കൂടുതൽ പ്രസക്തമായതെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും കാലടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീ ശങ്കരജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിമോചന മൂല്യങ്ങളെ ശരിയായി ദിശയിൽ വ്യാഖ്യാനിക്കുക എന്ന ദൗത്യം കൂടി സംസ്‌കൃത സർവ്വകലാശാലയ്ക്കുണ്ട്. സംവാദാത്മകമായ വിദ്യാഭ്യാസത്തിന് കേരളത്തിനുള്ള പ്രതീക്ഷയാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

2സർവ്വകലാശാല കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ  റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസിലർ ഡോ. എം. സി. ദിലീപ്കുമാർ പ്രഭാഷണം നിർവ്വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ടീച്ചർ പ്രത്യേക സന്ദേശം നൽകി. ‘മറപൊരുൾ’ എന്ന കൃതിയുടെ രചയിതാവ് രാജീവ് ശിവശങ്കറിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും, 3ഡൽഹി യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം സീനിയർ പ്രൊഫസർ കാഞ്ചന നടരാജനെ വൈസ് ചാൻസിലർ ഡോ. എം. സി ദിലീപ്കുമാറും, എഴുത്തുകാരി ഡോ. സുവർണ്ണ നാലപ്പാട്ടിനെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസിയും ആദരിച്ചു. എൻഡോവ്‌മെന്റ് അവാർഡുകളുടെ വിതരണം പ്രോ വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട് നിർവ്വഹിച്ചു. 4മികച്ച ഗവേഷണ പ്രബന്ധത്തിനു നൽകുന്ന ഡോ. എസ്. രാജശേഖരൻ എൻഡോവ്‌മെന്റ് ഡോ. എ.ജി. ശ്രീകുമാറും, മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിനു നൽകുന്ന ഡോ. സുവർണ്ണ നാലപ്പാട്ട് ട്രസ്റ്റ് പുരസ്‌കാരം ഡോ. പി. പി. പ്രകാശനും ഏറ്റുവാങ്ങി. ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ശ്രീ ശങ്കരാചാര്യ സ്റ്റഡീസ് പുറത്തിറക്കുന്ന ശങ്കരാമൃതം വോള്യം V സിഡിയുടെ പ്രകാശനം വൈസ് ചാൻസിലർ ഡോ. എം. സി ദിലീപ്കുമാർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പി. ജോർജ്ജ്, സിൻഡിക്കേറ്റ് അംഗം വിഷ്ണു ആനന്ദ്, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ രാഹുൽ എം. എസ്‌,പ്രോ വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട്, രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് സർവ്വകലാശാല നൃത്തവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ നൃത്തപരിപാടി അരേങ്ങറി.