റോഡുകളുടെ അറ്റകുറ്റപ്പണിക്കും, റീ-ടാറിങ്ങിനും ടാർ ലഭ്യമാക്കണമെന്ന് റോജി എം.ജോൺ എം.എൽ എ

 

അങ്കമാലി:നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ റീ-ടാറിങ്ങിനും, അറ്റകുറ്റപണികൾക്കും പൊതുമരാമത്തു വകുപ്പ് ടാർ നൽകാത്തത് നിർമ്മാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റോജി എം.ജോൺ എം.എൽ.എ .വിവിധ റോഡുകളുടെ റീ-ടാറിങ്ങിനും,അറ്റകുറ്റപണികൾക്കും 8 കോടി 20 ലക്ഷം രൂപയാണ് എം.എൽ.എ യുടെ അഭ്യർത്ഥനപ്രകാരം പൊതുമരാമത്തു വകുപ്പ് അനുവദിച്ചത്. ഇതിൽ ഭൂരിഭാഗം പ്രവർത്തികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും പൊതുമരാമത്തുവകുപ്പ് ടാർ നൽകാത്തതുകൊണ്ട് കരാറുകാർ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കാതെ വലയുകയാണ്. roadമലയാറ്റൂർ തീർത്ഥാടനവുമായി ബന്ധപ്പെട്ട് സമീപ്രദേശങ്ങളുടെ റോഡുകളുടെ നവീകരണത്തിനും,റീ-ടാറിങ്ങിനുമായി എം.എൽ.എ യുടെ പ്രത്യേക ഇടപെടൽ മൂലം പൊതുമരാമത്തു വകുപ്പ് 1 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ഈ റോഡുകളുടെയും പണി പൂർത്തീകരിക്കുവാൻ കഴിയാത്ത സാഹചര്യമാണ്.

മലയാറ്റൂർ-തേക്കുംതോട്ടം-ആറാട്ടുകടവു-ഷൺമുഖപുരം റോഡ്, നടുവട്ടം-മലയാറ്റൂർ റോഡ്, ചുള്ളി-ഏടലക്കാട് റോഡ്, തുറവൂർ-ആനപ്പാറ-പൂതംകുറ്റി റോഡ്,കറുകുറ്റി-അഴകം റോഡ് മുതലായ പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇത്തരത്തിൽ അവതാളത്തിലായിരിക്കുകയാണ്.MALAYATTOOR-ROAD-1വിവിധ പഞ്ചായത്തുകളും ടാർ ലഭ്യമാകാത്തതുമൂലം റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.

ടാർ സപ്ലൈ ചെയ്യുന്ന ബി.പി.സി.എൽ കമ്പനിക്ക് കൊടുക്കുവാനുള്ള കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക സർക്കാർ കൊടുത്തു തീർക്കാത്തതുമൂലമാണ് ടാർ ലഭ്യമാകാത്തത്. മഴക്കാലത്തിനു മുൻപ് ഭരണാനുമതി ലഭിച്ച റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. MALAYATTOOR-ROAD-2ഈ സാഹചര്യങ്ങൾ കണക്കിലെടുത്തു എത്രയും പെട്ടെന്ന് ടാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു് റീ-ടാറിങ്ങും,അറ്റകുറ്റപ്പണികളും അടിയന്തിരമായി പൂർത്തീകരിക്കുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടു.