സംസ്‌കൃത സർവ്വകലാശാലയുടേത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവാർന്ന പ്രവർത്തനം : മന്ത്രി എ. കെ ബാലൻ

 
കാലടി: ഉന്നത വിദ്യാഭ്യാസമേഖലയിലെ മികവാർന്ന പ്രവർത്തനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയെ ശ്രദ്ധേയമാക്കി. ഇത് മറ്റു സർവ്വകലാശാലകൾക്ക് കൂടി മാതൃകയാണെന്ന്  മന്ത്രി എ. കെ ബാലൻ പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സമ്പൂർണ്ണ ഇ-ക്യാംപസ് പദ്ധതിയുടെ ഉദ്ഘാടനവും ബിസിനസ്സ് ഇൻകുബേഷൻ സെന്ററിന്റേയും ഫൈൻ ആർട്ട്‌സ് കോംപ്ലക്‌സ് രൺണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന്‍റെയും ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭൗതികമായ, ബുദ്ധിപരമായ, ധാർമ്മികമായ വികാസത്തിന്‍റെ പ്രധാനപ്പെട്ട ഘടകമാണ് പൊതുവിദ്യാഭ്യാസം. യഥാർത്ഥ പൗരൻ എങ്ങനെയായിരിക്കണമെന്ന നിർണയിക്കുന്ന ഘട്ടമാണ് പൊതുവിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ഇ-ക്യാംപസ് പദ്ധതിയുടെ ഉദ്ഘാടനവും ഇന്ത്യയിൽ സർവ്വകലാശാല തലത്തിലെ ഫൈൻ ആർട്‌സ് വിഭാഗത്തിനായുള്ള ആദ്യത്തെ ടെക്‌നോളജി ഇൻകുബേഷൻ പദ്ധതിയുടെ ശിലാസ്ഥാപനവും കൂടിയാണ് മന്ത്രി നിർവ്വഹിച്ചത്. സർവ്വകലാശാലയുടെ വിവര സാങ്കേതിക വിദ്യയിലൂന്നിയ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകമാകും വിധം ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ഇ-ക്യാംപസ് പദ്ധതി. ക്യാംപസ് ലാൻ, വൈ-ഫൈ സൗകര്യം, ഡേറ്റാ സെന്റർ എന്നിവയടങ്ങിയ സമഗ്രമായ പദ്ധതിയാണിത്. ഇന്ത്യയിലെ സർവ്വകലാശാലകളിൽ ആദ്യമായാണ് ഫൈൻ ആർട്ട്‌സിനു വേൺണ്ടി ടെക്‌നോളജി-ബിസിനസ് ഇൻകുബേഷൻ സെന്റർ അനുവദിച്ചിരിക്കുന്നത്. യുവസംരംഭകരെ കൺെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എൻജിയിറിങ് കോളേജുകൾക്കും സാങ്കേതികവിദ്യ പഠിപ്പിക്കുന്ന സർവ്വകലാശാലകൾക്കും മാത്രം അനുവദിച്ചിരുന്ന ഫണ്ട് ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയ്ക്കും ലഭിച്ചിരിക്കുന്നത്.

ഫൈൻ ആർട്ട്‌സ് ബ്ലോക്ക് രൺണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ സർവ്വകലാശാലയിലെ ഫൈൻ ആർട്ട്‌സ് വിഭാഗത്തെ ഒരു കുടക്കീഴിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും. ഇതിനായി പതിമൂന്നു കോടി രൂപയാണ് സർവ്വകലാശാല നീക്കിവച്ചിരിക്കുന്നത്.

ചടങ്ങിൽ  റോജി എം. ജോൺ  എംഎൽഎ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസിലർ ഡോ. എം. സി. ദിലീപ്കുമാർ ആമുഖപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം പ്രൊഫസർ എസ്. മോഹൻദാസ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫസർ കെ. കെ. വിശ്വനാഥൻ, ഡോ. വി. ജി. ഗോപാലകൃഷ്ണൻ, കെൽട്രോൺ മാനേജിങ് ഡയറക്ടർ ഡോ. ടി. ആർ ഹേമലത, പ്രോ വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട്, രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.