മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ഏപ്രിൽ മൂന്നു മുതൽ ആറ് വരെ നടക്കും

 

കാലടി:മുപ്പത്തിയാറാമത് മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ആത്മാഭിഷേകം-2017 ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ മൂന്നു മുതൽ ആറ് വരെയാണ് കൺവെൻഷൻ നടക്കുന്നത്. മൂന്നിന് വൈകീട്ട് 4.30 ന് അതിരൂപത സഹായമെത്രാൻ ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അതിരൂപത ഇവാഞ്ചലൈസേഷൻ ടീമാണ് കൺവെൻഷൻ നയിക്കുന്നത്. വൈകുന്നേരം 4.30 മുതൽ ഒൻപതു വരെ മലയാറ്റൂർ സെന്റ് തോമസ് പളളിയങ്കണത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

നിന്‍റെ സന്തതികളുടെ മേൽ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെ മേൽ എന്‍റെ അനുഗ്രഹവും ഞാൻ വർഷിക്കും എന്നതാണ് ഈ വർഷത്തെ കൺവെൻഷന്‍റെ ആപ്തവാക്യം. ആറിന് തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപത മെത്രാൻപ്പോലീത്ത മോസ്റ്റ് റവ.ഡോ. തോമസ് മാർ കൂറിലോസ് സന്ദേശം നൽകുന്നതോടെ കൺവെൻഷനു സമാപനമാകും. കൺവെൻഷനുശേഷം ചേരാനെല്ലൂർ, തോട്ടുവ, കോടനാട്, കാലടി, ഇല്ലിത്തോട്, സെബിയൂർ എന്നിവിടങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന പന്തലാണ് കൺവെഷനുവേണ്ടി ഒരുക്കുന്നത്. കുരിശുമുടി റെക്ടർ ഫാ.സേവ്യർ തേലക്കാട്ട്, മലയാറ്റൂർ സെന്റ് തോമസ് പളളി വികാരി ഫാ. ജോൺ തേയ്ക്കാനത്ത്, ജനറൽ കൺവീനർ ജോബി പറപ്പിള്ളി എന്നിവരാണ് കൺവെൻഷനു നേതൃത്വം നൽകുന്നത്.