കാലടി സർവ്വകലാശാലയിൽ വിവധ പദ്ധതികളുടെ ഉദ്ഘാടനം 4 ന് നടക്കും

 

കാലടി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സമ്പൂർണ്ണ ഇ-ക്യാംപസ് പദ്ധതിയുടെ ഉദ്ഘാടനവും ഇൻകുബേറ്റർ സെന്ററിന്‍റെയും ഫൈൻ ആർട്ട്‌സ് ബ്ലോക്ക് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന്‍റെയും ശിലാസ്ഥാപനവും ഏപ്രിൽ 4 ന് നടക്കും.കനകധാരാ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ. കെ ബാലൻ ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും നിർവ്വഹിക്കും.
സർവ്വകലാശാലയുടെ വിവര സാങ്കേതിക വിദ്യയിലൂന്നിയ തൂടർ പ്രവർത്തനങ്ങൾക്ക് സഹായകമാകും വിധം ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ഇ-ക്യാംപസ് പദ്ധതി. ക്യാംപസ് ലാൻ, വൈ-ഫൈ സൗകര്യം, ഡേറ്റാ സെന്റർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്യാംപസ് ലാൻ, വൈ-ഫൈ പദ്ധതിയിലൂടെ സർവ്വകലാശാല ക്യാംപസിൽ പൂർണമായും  വൈ-ഫൈ ലഭ്യമാകും. ഡിപ്പാർട്ട്‌മെന്റുകൾ, ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലൊക്കെ ഈ സൗകര്യമുണ്ടാകും.

സിസിടിവി, സ്മാർട്ട് ക്ലാസ് റൂമുകൾ, വെർച്ച്വൽ ക്ലാസുകൾ, ഇ-ഗവേണൻസ് തുടങ്ങിയ വരുംകാല പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന വിധമാണ് ലാൻ, വൈ-ഫൈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ പദ്ധതിയുടെ സെന്റർ ഹബ്ബ് ആയി പ്രവർത്തിക്കുന്നതായിരിക്കും യൂണിവേഴ്‌സിറ്റി ഡാറ്റാ സെന്റർ. സർവ്വകലാശാലയുടെ സെർവർ പ്രവർത്തനങ്ങൾ സുരക്ഷിതമായ രീതിയിൽ ഒരൊറ്റയിടത്ത് കേന്ദ്രീകരിക്കാൻ ഡാറ്റ സെന്റർ വഴി സാധിക്കുമെന്നതാണ് പ്രത്യേകത.

ഇന്ത്യയിലെ സർവ്വകലാശാലകളിൽ ആദ്യമായാണ് ഫൈൻ ആർട്ട്‌സിനു വേണ്ടി ടെക്‌നോളജി-ബിസിനസ് ഇൻകുബേറ്റർ അനുവദിച്ചിരിക്കുന്നത്. യുവസംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എൻജിയിറിങ് കോളേജുകൾക്ക് മാത്രം അനുവദിച്ചിരുന്ന ഫണ്ടാണ് ഇപ്പോൾ സർവ്വകലാശാലയ്ക്കും ലഭിച്ചിരിക്കുന്നത്. ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ സ്ഥാപിക്കുന്നതിലേയ്ക്കായി
95.28 ലക്ഷം രൂപ ‘രൂപകൽപ്പന’ എന്ന പദ്ധതിയ്ക്ക് കേരള സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. രൂപകൽപ്പന എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിപ്രകാരം ഫൈൻ ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ് ഉൽപ്പനങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യും. പെയ്ന്റിങ്ങുകൾ
മ്യൂറൽ പെയ്ന്റിങ്ങുകൾ, ശിൽപ്പങ്ങൾ, ടെക്‌സ്റ്റൈൽസ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇൻകുബേറ്റർ വഴി ലഭ്യമാകും. ഈ ഉൽപ്പന്നങ്ങൾ വിപണിയിലും ഓൺലൈനിലും ലഭ്യമാകും വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഫൈൻ ആർട്ട്‌സ് ബ്ലോക്ക് രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ സർവ്വകലാശാലയിലെ ഫൈൻ ആർട്ട്‌സ് വിഭാഗത്തെ ഒറ്റയിടത്തു
കേന്ദ്രീകരിക്കാൻ സാധിക്കും.