മൂക്കന്നൂര്‍ ചീനംചിറയുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കി

 

  • ചീനംചിറ മേഖലയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ്
  • ജലസേചനത്തിത്തിന് ഉപയോഗിക്കുന്നത്‌ ചീനംചിറയിലെ വെളളമാണ്‌
  • ഇരുപത് ലക്ഷം രൂപയാണ് അടങ്കല്‍തുക

 

അങ്കമാലി : പുനരുദ്ധാരണം നടന്ന് വരവേ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട മൂക്കന്നൂര്‍ ചീനം ചിറയുടെ പുനരുദ്ധാരണ ജോലികള്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു.മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മൂക്കന്നൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയോട് ചേര്‍ന്നുള്ള ചീനംചിറ മേഖലയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ്. മൂക്കന്നൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അറുനൂറോളം കുട്ടികള്‍ക്കും, സമീപത്തുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാകുന്നത് ചീനംചിറയിലെ ജലസാന്നിദ്ധ്യമാണ്‌. പുല്ല, തച്ചേപ്പാടം, കിടങ്ങൂര്‍ പാടശേഖരങ്ങള്‍ക്ക് ജലസേചനത്തിത്തിന് ഉപയോഗിക്കുന്നത്‌ ചീനംചിറയിലെ വെളളമാണ്‌

പാര്‍ശ്വബണ്ടുകള്‍ ഇടിഞ്ഞ്  നികന്ന് പോയ ചിറ താഴ്ത്തി ആഴം വര്‍ദ്ധിപ്പിച്ച് പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുന്നതിന് 2014 ല്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ജലക്ഷാമവും വരള്‍ച്ച കെടുതിയും കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്ത് അടിയന്തിര പ്രാധാന്യം നല്‍കി പദ്ധതി എറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു .ചിറയില്‍ നിന്ന് ചെളി നീക്കം ചെയ്തു. മൂന്ന് ഭാഗവും ഭിത്തികളില്‍ കരിങ്കല്ല് പാകി ബലപ്പെടുത്തി. ഇരുപത് ലക്ഷം രൂപയാണ് അടങ്കല്‍തുക.

ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോളും മറ്റ് ജനപ്രതിനിധികളും വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി വിന്‍സെന്റ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.എം വര്‍ഗീസ്, ഡിവിഷന്‍ മെമ്പര്‍ ഗ്രേസി റാഫേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏല്യാസ് കെ. തരിയന്‍, സ്ഥിരം സമിതിഅദ്ധ്യക്ഷന്‍മാരായ കെ.വി. ബിബീഷ് , ലീലാമ്മ പോള്‍, ബി.ഡി.ഒ. ഏണസ്റ്റ് തോമസ്, വാര്‍ഡ് മെമ്പര്‍ എം.പി ഔസേപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി അയ്യപ്പന്‍, വത്സാ സേവ്യാര്‍, റെന്നി ജോസ്, അല്‍ഫോന്‍സാ പാപ്പച്ചന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായി ജയരാധാകൃഷ്ണന്‍, സ്വപ്ന ജോയ്, ബീന ജോണ്‍സണ്‍ എന്നിവരും സന്നിഹിതരായിരുന്നു.